Connect with us

International

മ്യൂണിക്ക് വെടിവെപ്പില്‍ 9 മരണം; അക്രമി ആത്മഹത്യ ചെയ്തു

Published

|

Last Updated

മ്യൂണിക്: ജര്‍മനിയില്‍ മ്യൂണിക്കിലെ ഒളിമ്പികസ് സ്‌റ്റേഡിയത്തിനു സമീപമുള്ള ഒളിമ്പ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പ് നടത്തിയത് ഇറാന്‍കാരനായ പതിനെട്ടുകാരനാണെന്ന് പൊലീസ്. ഇയാള്‍ മ്യൂണിക്കില്‍ താമസിച്ചു വരികയായിരുന്നു. ആക്രമണത്തില്‍ ഒന്പതു പേരാണ് മരിച്ചത്. വെടിവയ്പിനു ശേഷം അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു. വെടിവെപ്പില്‍ 21 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിക്ക് ഇരട്ട പൗരത്വം ഉണ്ട്. എന്നാല്‍, ഒരിടത്തും അയാളുടെ പേരില്‍ ക്രിമിനല്‍ കേസുകളൊന്നും തന്നെയില്ലെന്നും പൊലീസ് വ്യക്തമാക്കി.

അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വെടിവയ്പില്‍ ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കും തന്നെ ജീവഹാനിയില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഒരാഴ്ചക്കിടെ യൂറോപ്പിലുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ജര്‍മന്‍ പ്രാദേശിക സമയം വൈകിട്ട് ആറു മണിയോടെയായിടെയായിരുന്നു ആക്രമണം. തോക്കുമായി വ്യാപാര സമുച്ചയത്തില്‍ കടന്നു കയറിയ അക്രമി കണ്ണില്‍ കണ്ടവര്‍ക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. കുട്ടികളെയാണ് അക്രമി ആദ്യം ലക്ഷ്യമിട്ടത്. വെടിശബ്ദം കേട്ട് പരിഭ്രാന്ത്രരായ ജനങ്ങള്‍ ഷോപ്പിംഗ് മാളില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടി ഓടി. നിമിഷ നേരം കൊണ്ട് മാള്‍ ചോരക്കളമായി. മാളില്‍ നിന്ന് വെടിയൊച്ച കേട്ടതായുള്ള ഫോണ്‍ സന്ദേശം ലഭിച്ചയുടന്‍ പൊലീസ് പാഞ്ഞെത്തി പ്രത്യാക്രമണം നടത്തി. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പ് നടന്നു.

കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തലങ്ങും വിലങ്ങും അക്രമി വെടിയുതിര്‍ക്കുന്നതും പരിഭ്രാന്തരായ ജനം ഓടുന്നതും വീഡിയോയില്‍ കാണാം. ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്ത അക്രമിയുടെ മൃതദേഹം ഒരു കിലോമീറ്റര്‍ അകലെ നിന്ന് പൊലീസ് കണ്ടെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അമേരിക്കയില്‍ സന്ദര്‍ശനത്തിനായി പോയ ജര്‍മന്‍ ആഭ്യന്തര മന്ത്രി വെടിവയ്പിനെ തുടര്‍ന്ന് മടങ്ങിയെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. ജര്‍മനിക്കാവശ്യമായ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഊഹാപോഹങ്ങള്‍ പരത്തരുതെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

---- facebook comment plugin here -----

Latest