പാകിസ്താന്‍  കാശ്മീരില്‍ നിന്ന് പിന്‍വാങ്ങണം, മുന്നറിയിപ്പുമായി ഇന്ത്യ

Posted on: July 21, 2016 9:30 pm | Last updated: July 22, 2016 at 3:33 pm
SHARE

borderന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഇടപെടല്‍ തുടരുന്നതിനിടെ പാകിസ്താനു മുന്നറിയിപ്പുമായി ഇന്ത്യ. പാക് അധീന കാശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്ന് ഇന്ത്യ.

ഐക്യരാഷ്ട്രസഭയുടെ പേര് പറഞ്ഞ് നടക്കുന്ന ചിലരാണ് പാകിസ്താനില്‍ നിന്ന് കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ഇവര്‍ നേരത്തേയും കൊടുംഭീകരര്‍ക്കായി രംഗത്തിറങ്ങിയവരാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതില്‍ പ്രതിഷേധിച്ച് ജൂലായ് 20 കരിദിനമായി ആചരിച്ച പാക് നടപടിയെ വിദേശകാര്യമന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. പാകിസ്താനില്‍ കാശ്മീര്‍ ഭീകരര്‍ക്ക് പിന്തുണയുമായി റാലികളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ആസാദ് കാശ്മീര്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന പാക് അധീന കാശ്മീരില്‍ തിരഞ്ഞെടുപ്പ് എന്നെല്ലാം പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തേയും കാശ്മീരികളേയും തെറ്റിദ്ധരിപ്പിക്കുന്നത് പാകിസ്താന്‍ നിര്‍ത്തണം.

ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് സമീപമുണ്ടായ പ്രതിഷേധ മാര്‍ച്ചുകള്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഹൈക്കമ്മീഷന്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും പാകിസ്താന്‍ ഗവണ്‍മെന്റ് സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും 3000ല്‍ അധികംപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ, ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ തുടര്‍ന്ന് കാശ്മീരിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.