തട്ടിപ്പ് കോഴ്‌സുകളുമായി സംസ്ഥാനത്ത് വീണ്ടും വ്യാജ സര്‍വകലാശാലാ ലോബി

Posted on: July 18, 2016 12:20 pm | Last updated: July 18, 2016 at 12:20 pm
SHARE

FAKE UNIVERSITYകണ്ണൂര്‍:തട്ടിപ്പ് കോഴ്‌സുകളുടെ പേരില്‍ വിദ്യാര്‍ഥികളെ വല വീശിപ്പിടിക്കാന്‍ വ്യാജ സര്‍വകലാശാലാ ലോബി സംസ്ഥാനത്ത് വീണ്ടും വേരുറപ്പിക്കുന്നു. വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയതോടെയാണ് വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് ഇത്തരം ലോബി സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഇവരുടെ വഞ്ചനക്കിരയായത് ഇതിനകം നിരവധി പേരാണ്. ഇവര്‍ തങ്ങളുടെ പേര് വിവരം പുറത്തുപറയാന്‍ തയ്യാറാകുന്നില്ല. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില സര്‍വകലാശാലകളുടെ പേരിലാണ് ഇപ്പോഴത്തെ തട്ടിപ്പ്. വ്യാജ സര്‍വകലാശാലകളുടൈ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന വന്‍ സംഘം തന്നെ മലബാര്‍ മേഖലയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കരുക്കള്‍ നീക്കിവരികയാണ്. തട്ടിപ്പ് കോഴ്‌സുകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിഞ്ഞതോടെയാണ് ഇതിന് പിന്നില്‍ വന്‍ ലോബി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ യു ജി സി അംഗീകാരമില്ലാത്ത വിവിധ പ്രൊഫഷനല്‍ കോഴ്‌സുകളുടെ മറവിലാണ് കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് അരങ്ങേറുന്നത്. ഉത്തരേന്ത്യന്‍ സര്‍വകലാശാലകളിലെ ആകര്‍ഷകമായ കോഴ്‌സുകളും പ്ലേസ്‌മെന്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്. ഏവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ തുടങ്ങിയ കോഴ്‌സുകളും ബി ബി എ, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങി പുതിയ തലമുറയെ ആകര്‍ഷിക്കുന്ന കോഴ്‌സുകളുമാണ് തട്ടിപ്പ് സംഘം മുമ്പോട്ട് വെക്കുന്നത്. ഓരോ സെമസ്റ്ററിനും 30,000മുതല്‍ 70,000 രൂപ വരെയാണ് ഫീസ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഇത്തരത്തില്‍ ഇരുന്നൂറോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഇതില്‍ പലതിനും ഒരു സര്‍വകലാശാലയുടെയും അംഗീകാരമില്ല. ആകര്‍ഷകമായ പാക്കേജുകളും പ്ലേസ്‌മെന്റ് സൗകര്യവും പെണ്‍കുട്ടികള്‍ക്ക് ഫീസിളവും സൗജന്യ യൂനിഫോമും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. മേഘാലയ യൂനിവേഴ്‌സിറ്റിയെന്ന സ്വകാര്യ സര്‍വകലാശാലയുടെ പേരിലുള്ള ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും നിരവധിയാണ്.

കര്‍ണാടകയിലെ ചില സര്‍വകലാശാലകളുടെ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നേരത്തെ വഴിയാധാരമായിരുന്നു. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 36 കോളജുകള്‍ കര്‍ണാടക സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പെ പൂട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റേയോ, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്റേയോ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റേയോ ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൗണ്‍സിലിന്റേയോ അനുമതിപത്രമില്ലാതെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ് കോളജുകള്‍ക്കെതിരെയാണ് അന്ന് നടപടി കൈക്കൊണ്ടിരുന്നത്. ഇത്തരം കോളജുകളില്‍ ചേര്‍ന്ന് പഠിച്ച മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിക്കാണ് ഇതുമൂലം കരിനിഴല്‍ വീണത്.

വിദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ആറ് കോളജുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ സര്‍വകലാശാലകളിലെ കോഴ്‌സുകളുടെ പേരിലും തട്ടിപ്പ് വ്യാപകമായത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ലോബിക്കെതിരെ പോലീസ് നേരത്തെ ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നു. കൊല്ലം ജില്ലയിലെ പോളയത്തോടിന് സമീപം പ്രൊഫഷനല്‍ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി (പി ഇ സി) എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നത് തിരുവനന്തപുരം സ്വദേശികളായിരുന്നു.
എം ജി സര്‍വകലാശാലയില്‍ എന്‍ജിനിയറിംഗിന് പഠിച്ച തൃശൂര്‍ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.

ഇയാള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. മേഘാലയിലെ സി എം ജെ സര്‍വകലാശാലയുടെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. സി എം ജിയുടെ മാര്‍ക്ക് ഷീറ്റും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയുടെതാണ് നല്‍കിയത്. ഇതില്‍ സംശയം തോന്നിയ യുവാവ് കൊച്ചിയിലെ എഡ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് നല്‍കിയപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ സ്ഥാപനമുടമ തയ്യാറായില്ല. ഇതോടെ യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

മലബാര്‍ മേഖലയില്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്റുമാര്‍ നിരവധിയുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റി, സേലത്തെ ശ്രീവിനായക മിഷന്‍, സി എം ജെ യൂനിവേഴ്‌സിറ്റി മേഘാലയ, ഹിമാചല്‍പ്രദേശ് മാനവ ഭാരതി, ഹൈദരാബാദ് ഉസ്മാനിയ, ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനല്‍, ശ്രീ വൈകുണ്‌ഠേശ്വര, തമിഴ്‌നാട് ടെക്‌നിക്കല്‍ എജൂക്കേഷന്‍ സര്‍വകലാശാലകളുടെ പേരിലാണ് വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാരുടെ പേരില്‍ കൊറിയര്‍ വഴിയാണ് അയച്ചുകൊടുക്കുന്നത്. രണ്ട് ലക്ഷം രൂപാ വീതമാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഈടാക്കുന്നത്.