മൈക്രോഫിനാന്‍സ്: അന്വേഷണത്തെ ഭയമില്ലെന്ന് വെള്ളാപ്പള്ളി

Posted on: July 14, 2016 6:06 pm | Last updated: July 14, 2016 at 6:06 pm
SHARE

vellapallyആലപ്പുഴ: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കുറ്റം ചെയ്തിട്ടില്ല. സത്യം പുറത്തുവരും. ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിജിലന്‍സ് കേസ് എന്ന ഓലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കേണ്ട. തീയില്‍ കുരുത്തത് വെയിലത്തുവാടില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ല. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. ഡോ. എംഎന്‍ സോമന്‍, കെകെ മഹേശന്‍, നജീബ്, ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്.