യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യന്‍ ഡ്രൈവര്‍ക്ക് മൂന്നു മാസം തടവ്

Posted on: July 13, 2016 6:22 pm | Last updated: July 13, 2016 at 6:22 pm
SHARE

ദുബൈ: ദുബൈയില്‍ നടപ്പാലത്തില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന 25കാരനായ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്നു മാസം തടവ് വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. സെയില്‍സ് വുമണായി ജോലി ചെയ്യുന്ന 38കാരിയായ അള്‍ജീരിയന്‍ യുവതി രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകവേയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തന്റെ പിന്നിലൂടെ വന്ന ഇയാള്‍ തന്നെ സ്പര്‍ശിക്കുകയും തിരിഞ്ഞു നോക്കിയപ്പോള്‍ യുവാവ് ഇയാളുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം യുവാവിനെ തള്ളിമാറ്റി താമസ സ്ഥലത്തേക്ക് രക്ഷപ്പെടുകയാണുണ്ടായതെന്ന് യുവതി പറഞ്ഞു. ഇതിനു ശേഷം മറ്റൊരു ദിവസം നടപ്പാലത്തിലൂടെ സഞ്ചരിക്കവെ ഇയാള്‍ വീണ്ടും എത്തിയെന്ന് യുവതി പറയുന്നു.
പക്ഷേ ആ സമയം കൂടുതല്‍ പേര്‍ അതുവഴി സഞ്ചരിച്ചതുകൊണ്ട് ഇയാള്‍ യുവതിയുടെ അടുത്തേക്ക് വന്നില്ല. ആറു ദിവസത്തിന് ശേഷം ഇയാളെ തിരിച്ചറിഞ്ഞ് യുവതി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഏപ്രിലില്‍ ദുബൈ ക്രിമിനല്‍ കോടതി ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കുറ്റം ചുമത്തുകയായിരുന്നു. അതേസമയം താന്‍ അബദ്ധത്തില്‍ യുവതിയെ സ്പര്‍ശിക്കുകയായിരുന്നുവെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.