പാലക്കാട് നിന്ന് കാണാതായവര്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധം

Posted on: July 10, 2016 5:35 pm | Last updated: July 11, 2016 at 8:57 am
SHARE

yahyaപാലക്കാട്: പാലക്കാട് നിന്ന് കാണാതായവര്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് കുടുംബം. ഈസയും സഹോദരന്‍ യഹ്‌യയും സാക്കിര്‍ നായിക്കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന് പിതാവ് വിന്‍സന്റ് പറഞ്ഞു. പഠനക്കാലത്ത് തന്നെ ഈസക്കും യഹ്‌യക്കും സാക്കിറുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നതെന്നും പിതാവ് പറഞ്ഞു.

ബാംഗ്ലൂരില്‍ പഠിച്ചുകൊണ്ടിരുന്ന ഇളയ മകന്‍ യഹ് യ ആണ് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് ഈസയേയും മതപരിവര്‍ത്തനം നടത്തിക്കുകയായിരുന്നു. ഇവര്‍ പലപ്പോഴും മുംബൈ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭാര്യമാരേയും ഇവര്‍ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നുവെന്നും വിന്‍സന്റ് പറഞ്ഞു. ഈസയുടെ ഭാര്യ നിമിഷയെ 2013ല്‍ ആണ് മതം മാറ്റിയത്.

ഈസയും യഹ്‌യയും മതം മാറ്റാനായി സഹോദരി ഭര്‍ത്താവിനേയും മുംബൈയില്‍ കൊണ്ടുപോയിരുന്നു. പക്ഷെ അയാള്‍ വിസമ്മതിക്കുകയായിരുന്നു. പ്രാര്‍ഥനക്കിടെ മൂന്നുതവണ തന്റെ കണ്ണില്‍ നോക്കാന്‍ സാക്കിര്‍ നായിക്ക് ആവശ്യപ്പെട്ടു. എന്നാല്‍ മരുമകന്‍ ഇതിന് വഴങ്ങിയില്ല. എന്താണ് കണ്ണില്‍ നോക്കാത്തതെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് യാളുടെ കണ്ണില്‍ നോക്കണ്ട’ എന്ന് മറുപടി പറഞ്ഞു. ഇങ്ങനെ മൂന്നു തവണ കണ്ണില്‍ നോക്കിയാല്‍ മുസ്ലിം ആകുമെന്നും പഴയ കാര്യങ്ങള്‍ മറക്കുമെന്നും യഹ്‌യയും ഈസയും പറഞ്ഞതായി വിന്‍സന്റ് പറഞ്ഞു.

അവസാനമായി വീട്ടില്‍ നിന്ന് പോകുമ്പോള്‍ നീട്ടിവളര്‍ത്തിയ താടി മുറിച്ച് അവര്‍ രൂപമാറ്റം വരുത്തിയിരുന്നു. മെയ് 14,15 തിയതികളിലാണ് പോയത്. ശ്രീലങ്കയില്‍ ബിസിനസ് ചെയ്യാന്‍ പോകുന്നുവെന്നും ആര് ചോദിച്ചാലും വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയെന്ന് പറയണമെന്നും നിര്‍ദേശിച്ചു. ഈസയും യഹ്‌യയും ഭാര്യമാരും തുടരെ യാത്രചെയ്തിരുന്നു. എന്നാല്‍ യാത്രയുടെ ഉദ്ദേശം വ്യക്തമല്ലെന്നും വിന്‍സന്റ് പറഞ്ഞു.