Connect with us

International

യു എസില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പ്രതിഷേധം ശക്തം

Published

|

Last Updated

മിനിസോട്ട: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. കഴിഞ്ഞ ദിവസം ലൂസിയാന സംസ്ഥാനത്ത് ഒരു കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന്റെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് വീണ്ടും പോലീസിന്റെ ആക്രമണമുണ്ടായത്. ലൂസിയാന സ്വദേശിയും മോണ്ടിസോറി സ്‌കൂളിലെ സൂപ്പര്‍വൈസറുമായ ഫിലാന്‍ഡോ കാസിലേയാണ് കാറിനുള്ളില്‍ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച ആള്‍ട്ടന്‍ സ്റ്റെല്ലിംഗ് എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി രാജ്യത്ത് പ്രതിഷേധം ശക്തിയാര്‍ജിച്ചിരുന്നു. ഇതിനിടെയാണ് കറുത്ത വര്‍ഗക്കാരെ ഞെട്ടിച്ച അടുത്ത സംഭവമുണ്ടായത്. കാമുകി റെയ്‌നോള്‍ഡിനും കുട്ടിക്കുമൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് പോലീസ് ആക്രമണം. ഫാല്‍ക്കന്‍ ഹൈറ്റ്‌സില്‍ വെച്ച് വാഹനം തടഞ്ഞ പോലീസ് ലൈസന്‍സ് ആവശ്യപ്പെട്ടു. കാസിലെയുടെ കൈവശം ഒരു തോക്കുണ്ടായിരുന്നു. അത് ലൈസന്‍സുള്ളതാണെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ചെവിക്കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ പോലീസ് നിരവധി തവണ വെടിവെച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്ന റെയ്‌നോള്‍ഡ് തന്റെ മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. വെടിയേറ്റ കാസിലെ കാറില്‍ തന്നെ മരണപ്പെടുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയ്‌നോള്‍ഡ് പകര്‍ത്തിയ മൊബൈല്‍ ചിത്രങ്ങള്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. നിങ്ങള്‍ നാല് തവണ വെടിവെച്ചുവെന്ന് റെയ്‌നോള്‍ഡ് പറയുന്നതും അവരുടെ കുട്ടി കരയുന്നതും വീഡിയോയിലുണ്ട്.
അതേസമയം ലൂസിയാന സംസ്ഥാനത്തെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂറ്റന്‍ റാലികളാണ് വിവിധ സ്ഥലങ്ങളില്‍ അരങ്ങേറിയത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കറുത്ത വര്‍ഗക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. ഇത് തങ്ങളുടെ ജീവിത പ്രശ്‌നമാണെന്നും അധികൃതര്‍ കണ്ണുതുറക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.