വഖ്ഫ് സ്വത്ത് സംരക്ഷണം: മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം- സംരക്ഷണ വേദി

Posted on: July 2, 2016 12:10 am | Last updated: July 2, 2016 at 12:10 am
SHARE

kt jaleelകൊച്ചി: കേരളത്തില്‍ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനും വഖഫ് അഴിമതികള്‍ തടയാനും സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വഖ്ഫ് മന്ത്രി കെ ടി ജലീലിന്റെ പ്രഖ്യാപനത്തെ എറണാകുളം ചേര്‍ന്ന കേരള വഖ്ഫ് സംരക്ഷണ വേദി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനവും വഖ്ഫ് ന്യൂനപക്ഷ വകുപ്പുകള്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ നയവും നല്ല ചുവടുവെയ്പ്പാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ചു കൊണ്ടും പി എസ് സി വഴിയുള്ള നിയമനങ്ങളെ എതിര്‍ത്തുകൊണ്ടും ചില മതപണ്ഡിതന്മാര്‍ നടത്തിയ പ്രഖ്യാപനങ്ങളെ വഖ്ഫ് സംരക്ഷണ വേദി രൂക്ഷമായി വിമര്‍ശിച്ചു.
വഖ്ഫ് ബോര്‍ഡ് നിയമനങ്ങളിലൂടെ കോടികള്‍ തട്ടിയവരെയും വഖ്ഫ് സ്വത്തുക്കള്‍ വിറ്റ് കുബേരന്‍മാരായവരെയും ഇക്കാലമത്രയും സംരക്ഷിച്ചുപോന്നിട്ടുള്ള തല്‍പ്പര രാഷ്ട്രീയ കക്ഷികളെ സഹായിക്കാനാണ് പണ്ഡിത പ്രസ്താവനകളിലൂടെ ചിലര്‍ ലക്ഷ്യമിടുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു.
രണ്ട് ലക്ഷത്തില്‍പ്പരം കോടി രൂപയുടെ വഖഫ് അഴിമതികള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ മുമ്പില്‍ വഖ്ഫ് സംരക്ഷണ വേദി രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും മുന്‍സര്‍ക്കാര്‍ എടുത്തിരുന്നില്ലെന്ന വസ്തുതയെ വിസ്മരിക്കുന്നതും നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതിനെ കണ്ടില്ലെന്ന് നടിക്കുന്നതും പണ്ഡിതോചിത നടപടിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിലെ വഖ്ഫ് വില്‍പ്പനയും കൈമാറ്റവും മറ്റ് നിയമ വിരുദ്ധ വഖ്ഫ് കൊള്ളയെകുറിച്ചും അറിയാവുന്നവര്‍ വിവരം സംസ്ഥാന പ്രസിഡന്റ് അബ്ദുസ്സലാം (ഫോണ്‍ 9388603107), വൈസ് പ്രസിഡന്റ് റഷീദ് അറയ്ക്കല്‍ (ഫോണ്‍ 9895603419) എന്നിവരെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു.