ഖദ്‌റിന്റെ രാത്രി

Posted on: July 1, 2016 6:00 am | Last updated: July 1, 2016 at 12:28 am

നിശ്ചയം നാം ലൈലതുല്‍ ഖദ്‌റിലാണ് അത് (ഖുര്‍ആന്‍) ഇറക്കിയിരിക്കുന്നത്, (സൂറതുല്‍ ഖദ്ര്‍: 1).
ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുന്നതിനു വേണ്ടി ഖുര്‍ആന്‍ അവതരിച്ച റമസാന്‍ മാസം (സൂറതുല്‍ ബഖറഃ: 185),
നിശ്ചയം അത് (ഖുര്‍ആന്‍) ശ്രേഷ്ഠമായ രാത്രിയില്‍ നാം ഇറക്കിയിരിക്കുന്നു (ദുഖാന്‍ 3).
മേല്‍പ്പറഞ്ഞ സൂക്തങ്ങള്‍ കൊണ്ട് ഖുര്‍ആനിന്റെ അവതരണം ലൈലതുല്‍ ഖദ്‌റിലാണെന്നും അത് സംഭവിച്ച രാത്രി റമസാനിലാണെന്നും അതൊരു പവിത്രമായ രാവാണെന്നും സുവ്യക്തമാണ്.
ഖുര്‍ആനിന്റെ അവതരണം ഒരു രാത്രികൊണ്ട് നടന്നതല്ല. മറിച്ച് മുഹമ്മദ് നബി (സ)ക്ക് ദിവ്യ സന്ദേശം ലഭിക്കാന്‍ തുടങ്ങിയ 40-ാം വയസ്സ് മുതല്‍ ഐഹിക വാസം വെടിയുന്നത് വരേയുള്ള 23 വര്‍ഷക്കാലം കൊണ്ടാണത് അവതരിച്ചത്. മേല്‍ പരാമര്‍ശിച്ച സൂക്തങ്ങളിലെ ഖുര്‍ആനിന്റെ അവതരണം എന്നത് കൊണ്ടുള്ള വിവക്ഷ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാനാകാശത്തിലേക്ക് ഇറക്കിയെന്നാണെന്ന് ഖുര്‍ത്വുബിയില്‍ നിന്നും മറ്റും മനസ്സിലാക്കാവുന്നതാണ്. പിന്നീട് പല ഘട്ടങ്ങളിലായി ജിബ്‌രീല്‍ മുഖേന അല്ലാഹു പ്രവാചര്‍ (സ) ക്ക് ഇതിനെ എത്തിച്ച് കൊടുക്കുകയായിരുന്നു.
ഏറ്റവും പവിത്രമായ റമസാനില്‍ ഖുര്‍ആനിന്റെ അവതരണമുണ്ടായ രാത്രിക്ക് ലൈലതുല്‍ ഖദ്ര്‍ (നിര്‍ണയിക്കുന്ന രാവ്) എന്ന് പേര് ലഭിക്കാന്‍ കാരണം പ്രസ്തുത രാത്രിയിലാണ് ഓരോ വ്യക്തിയുടെ ജീവിതത്തിലെയും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നതിനാലാണ്. ആതുകൊണ്ട്തന്നെ, ആ രാവിനെ ആരാധനകള്‍ കൊണ്ട് ധന്യമാക്കുന്ന പക്ഷം ലൈലതുല്‍ ഖദ്‌റ് ഉള്‍പെടാത്ത ആയിരം മാസം (83 വര്‍ഷവും നാല് മാസവും) അല്ലാഹുവിന് വേണ്ടി സത്കര്‍മങ്ങളുമായി കഴിച്ചുകൂട്ടിയ പ്രതിഫലം സിദ്ധിക്കുകയും ചെയ്യും.
ഈ അനര്‍ഘ രാവ് അല്ലാഹു അനുവദിച്ച് തന്നതിനു പിന്നിലെ ചരിതം പ്രസിദ്ധമാണ്. ബനൂ ഇസ്രാഈല്യരില്‍ പെട്ട ഒരാള്‍ ആയിരം കൊല്ലം അല്ലാഹുവിന്റെ മാര്‍ഗത്തിലായി ‘ജിഹാദ്’ നയിച്ച സംഭവം നബി(സ)യോട് പറഞ്ഞ അവസരത്തില്‍ പ്രവാചകര്‍ അത്ഭുതം കൂറുകയും തങ്ങളുടെ ഉമ്മത്തിനും അങ്ങനെയൊരവസരം ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയും ചെയ്തു. തുടര്‍ന്ന് നബി അല്ലാഹുവിനോട് പറഞ്ഞു. നാഥാ, എന്റെ അനുയായികളെ നീ ചുരുങ്ങിയ ആയുസ്സുള്ളവരാക്കി. അതു വഴി അവര്‍ക്ക് നിന്നിലേക്ക് ദീര്‍ഘകാലം സത്കര്‍മങ്ങളുമായി അടുക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഈ സമയത്താണ് ആയിരം മാസത്തേക്കാള്‍ പവിത്രമായ ലൈലതുല്‍ ഖദ്‌റിനെ നബി (സ) യുടെ ഉമ്മത്തിന് അല്ലാഹു നല്‍കുന്നത്.- ഇബനു അബ്ബാസ് (റ)ല്‍ നിന്ന് ഇങ്ങനെ നിവേദനമുള്ളതായി ഇആനതു ത്വാലിബീന്‍ പറയുന്നു.
പക്ഷേ, ഈ സമയം ഏതാണെന്ന് വ്യക്തമായി പരാമര്‍ശിക്കാതെ അവ്യക്തമാക്കി വെക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് പല കാരണങ്ങളുമുണ്ട്. പവിത്രതകള്‍കൊണ്ട് നിറഞ്ഞ ഈ രാവിനെ അല്ലാഹുവിന്റെ സ്മരണകള്‍ ഉരുവിട്ടും ഖുര്‍ആന്‍ പാരായണം ചെയ്തും ഇഅ്തിഖാഫിലായും ആരാധനകളാല്‍ മുഴുകേണ്ട അടിമ ഏതെങ്കിലും നിലക്ക് ഉടമയോട് നന്ദികേട് കാണിച്ചാല്‍, അത് ഈ ദിനരാത്രങ്ങളുടെ പവിത്രത അറിഞ്ഞുകൊണ്ടാകുമ്പോള്‍ മഹാ പാപമായി പോകുമല്ലോ. അതുകൊണ്ടാകാം മറച്ചുവെച്ചത്. എന്നാല്‍, ലൈലതുല്‍ ഖദ്‌റാകാന്‍ സാധ്യതയുള്ള ദിവസങ്ങളെ കുറിച്ച് ഹദീസിലും മറ്റും പരാമര്‍ശങ്ങളുണ്ട്. മിക്ക പണ്ഡിതരും പറഞ്ഞത് റമസാനിലെ അവസാനത്തെ പത്തിലാണ് ലൈലതുല്‍ ഖദ്‌റ് എന്നാണ്. ഇതില്‍ ഒറ്റയിട്ട രാവുകളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. അതില്‍ തന്നെ 27ന് പലരും പ്രാമുഖ്യം നല്‍കുകയുമുണ്ടായി.
ഉബാദത്ബ്‌നു സ്വാമിത് (റ) ല്‍ നിന്ന് ഉദ്ധരിച്ച് ത്വബ്‌റാനി ഇമാം പറഞ്ഞത് ‘നിങ്ങള്‍ റമസാനിലെ അവസാനത്തെ പത്തില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക, അത് ഇരുപത്തി ഒന്നിന്റെയോ ഇരുപത്തി മൂന്നിന്റെയോ ഇരുപത്തി അഞ്ചിന്റെയൊ ഇരുപത്തി ഏഴിന്റെയോ ഇരുപത്തി ഒമ്പതിന്റെയോ രാത്രിയിലാണ്. അതല്ലങ്കില്‍ അവസാനത്തെ രാത്രിയിലാണ്. അന്ന് ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചും നിസ്‌കരിച്ചാല്‍ അവന്റെ ദോഷത്തില്‍ നിന്ന് കഴിഞ്ഞതും വരാനിരിക്കുന്നതും പൊറുക്കുന്നതാണ്. ത്വബ്‌റാനിയില്‍ തന്നെ വാസില(റ)യില്‍ നിന്ന് പറഞ്ഞതായി കാണാം. ആ ദിവസം ശക്തമായ ചൂടോ തണുപ്പോ ഉണ്ടാകുകയില്ല. തെളിഞ്ഞ മാനമായിരിക്കും; മേഘാവൃതമായിരിക്കില്ല, കാറ്റോ മഴയോ ഉണ്ടായിരിക്കില്ല. അന്ന് വാല്‍ നക്ഷത്രത്തെ ദര്‍ശിക്കാന്‍ കഴിയില്ല. ആ ദിവസത്തിന്റെ പകലില്‍ സൂര്യനുദിക്കുമെങ്കിലും ചൂടേല്‍ക്കുന്ന രൂപത്തിലുള്ള കിരണങ്ങളുണ്ടാകുകയില്ല.
ഈ വിഷയത്തെ കുറിച്ച് ഇആനതു ത്വാലിബീനില്‍ ശാഫിഈ ഇമാം (റ)ന്റെ അഭിപ്രായം എടുത്തുപറയുന്നുണ്ട്. റമസാന്‍ തുടങ്ങുന്നത് ഞായറാഴ്ചയോ ബുധനാഴ്ചയോ ആണെങ്കില്‍ 29-ാം രാവിനാണ് ലൈലതുല്‍ ഖദ്‌റിന് സാധ്യത. തിങ്കളാഴ്ചയാണെങ്കില്‍ 21- ാം രാവിനാണ്. ചൊവ്വയിലോ വെള്ളിയിലോ ആണ് റമസാന്‍ തുടങ്ങുന്നതെങ്കില്‍ 27-ാം രാവിനാണ്. വ്യാഴാഴ്ചയാണ് റമസാന്‍ ഒന്ന് എങ്കില്‍ 25-ാം രാവിനും ശനിയാഴ്ചയാണെങ്കില്‍ റമസാന്‍ 23നുമായിരിക്കും ലൈലതുല്‍ ഖദ്‌റ്. ഇതേ കാര്യം മഹല്ലിയുടെ ഹാശിയയില്‍ ഖല്‍യൂബി ഇമാം പദ്യരൂപത്തില്‍ വിശദീകരിക്കുന്നത് കാണാം. സ്വൂഫിയാക്കളും അല്ലാഹുവിലേക്ക് അടുത്തവരും ഈ അഭിപ്രായക്കാരായിരുന്നുവത്രെ.
പ്രവാചക പത്‌നി ആഇശ (റ) പറഞ്ഞതായി ഹദീസില്‍ കാണാം. ‘റമസാന്‍ അവസാനത്തെ പത്തിലേക്ക് കടന്നാല്‍ നബി (സ) രാത്രി മുഴുവന്‍ ഉറങ്ങാതിരിക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും തുണി മുറുക്കി ഉടുക്കുകയും ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി: 2024/ മുസ്‌ലിം: 1174)
‘തുണി മുറുക്കി ഉടുക്കാറുണ്ടായിരുന്നു’ എന്ന പ്രയോഗത്തെക്കുറിച്ച് രണ്ട് വ്യാഖ്യാനങ്ങളുണ്ട്. ആരാധനകളില്‍ വ്യാപൃതനാകുന്നതിന് വേണ്ടി മുണ്ട് മുറുക്കി ഇറങ്ങാറുണ്ടായിരുന്നുവെന്നാണതിന്റെ അര്‍ഥം എന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നു. ചിലര്‍ പറയുന്നത് നബി (സ) ഭാര്യമാരില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ടായിരുന്നുവെന്നാണ് അതിന്റെ ഉദ്യേശ്യം എന്നാണ്. ഏതായാലും റമസാനിന്റെ രാത്രികളെ ആരാധനകളാല്‍ പ്രത്യേകം പരിഗണിക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസ് അറിയിക്കുന്നു.
ആഇശാ ബീവി (റ) തന്നെ നബിയോട് ചോദിക്കുന്നു ‘നബിയേ, ലൈലതുല്‍ ഖദ്‌റിന്റെ രാത്രിഏതാണെന്നറിഞ്ഞാല്‍ ഞാനെന്താണ് ചൊല്ലേണ്ടത്? ‘അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ’ എന്ന് ചൊല്ലുക- നബി നിര്‍ദേശിച്ചു. (നസാഈ).