ധവളപത്രം മാത്രം പോരാ

നികുതി വരുമാനത്തിലുണ്ടായ വലിയ കുറവ് തോമസ് ഐസക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഊര്‍ജിതമായ പിരിവുണ്ടാകാത്തത് മാത്രമല്ല കാരണം. നികുതി ഈടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തോന്നിയപോലെ സ്റ്റേ അനുവദിച്ചത്, ചില നികുതികളെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്ത് നല്‍കി, ഖജനാവിന് നഷ്ടമുണ്ടാക്കുകയും സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുകയും ചെയ്തത്, പിരിച്ചെടുക്കാവുന്ന നികുതി കുടിശ്ശിക ഖജനാവിലേക്ക് എത്തിക്കാതിരുന്നത് എന്നിങ്ങനെ പലകാരണങ്ങളുണ്ട്. ഇതിനൊക്കെ ഉത്തരവാദികളായവര്‍ ഉണ്ടാകുമല്ലോ? കോടികള്‍ ഖജനാവിന് നഷ്ടമാക്കിക്കൊണ്ട് ഉദ്ദിഷ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍, അതിന് ഉപകാരസ്മരണയുണ്ടാകാതെ വരില്ലല്ലോ? അത്തരം ഉപകാ(ഹാ)രങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരില്ലേ? അത്തരത്തിലെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുക എന്നത് ധവളപത്രകാരന്റെ ചുമതലയാണ്.
Posted on: July 1, 2016 6:02 am | Last updated: July 1, 2016 at 12:26 am
SHARE

KM Mani.jpg.imageസമ്പദ് വ്യവസ്ഥയെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രം ഒരേസമയം വസ്തുതാവിവരണവും മുന്‍കൂര്‍ ജാമ്യവുമാണ്. ഒരേസമയം സാമ്പത്തിക നയപ്രസ്താവനയും രാഷ്ട്രീയ പ്രസ്താവനയുമാണത്. 2001ല്‍ അധികാരത്തിലേറിയ എ കെ ആന്റണി സര്‍ക്കാറും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ധവളപത്രം പുറത്തിറക്കിയിരുന്നു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ടി ശിവദാസ മേനോന്റെ മേല്‍നോട്ടത്തില്‍ നടന്ന ധനകാര്യ മാനേജുമെന്റ് പരിതാപകരമായിരുന്നുവെന്ന് സി പി എം നേതാക്കള്‍ പോലും സമ്മതിക്കും. സര്‍ക്കാറിന്റെ അവസാന കാലത്ത് ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പോലുമുള്ള പണം ട്രഷറിയിലുണ്ടായില്ലെന്നത് അക്കാലത്തെ സംബന്ധിച്ച് അതിശയോക്തിയല്ല. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 99 സീറ്റില്‍ വിജയം സമ്മാനിച്ചതിന് പിന്നില്‍ ഈ ധനകാര്യ ‘മാനേജുമെന്റ്’ വലിയ പങ്ക് വഹിക്കുകയും ചെയ്തിരുന്നു.
പ്രത്യക്ഷത്തത്തില്‍ അത്രത്തോളം പ്രതിസന്ധിയില്ലെങ്കിലും 2011ല്‍ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ അധികാരമൊഴിയുമ്പോള്‍ വലിയ സാമ്പത്തിക പ്രയാസമാണ് അവശേഷിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത കെ എം മാണി, ‘നിസ്തുല’മായ സംഭാവനയാണ് നല്‍കിയിട്ടുള്ളതും. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനെങ്കിലും പാലിക്കേണ്ട കുറഞ്ഞ അച്ചടക്കം പോലും പാലിക്കാന്‍ മാണിയോ അദ്ദേഹം ഉള്‍പ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറോ തയ്യാറായിരുന്നില്ല എന്നതാണ് അതിന് അടിസ്ഥാന കാരണം.
നികുതി-നികുതിയേതര വിഭാഗങ്ങളിലായി സമാഹരിക്കപ്പെടുന്ന പണത്തിന്റെ 90 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍ മറ്റ് ഭരണച്ചെലവുകള്‍ എന്നിവ നിറവേറ്റാണ് കേരളം ചെലവിടുന്നത്. ഈ രീതി ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. ഖജനാവിലേക്കുള്ള പ്രധാന സ്രോതസ്സായ നികുതി വരുമാനം കുറഞ്ഞാല്‍, മൂലധനച്ചെലവിലേക്ക് (വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ളത്) മാറ്റിവെക്കുന്നതും അതിനായി വായ്പയെടുക്കുന്നതുമൊക്കെ നിത്യനിദാനച്ചെലവിലേക്ക് എടുക്കും. അതും കാലങ്ങളായുള്ള പതിവാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തില്ല.
2006ല്‍ അധികാരത്തിലേറിയ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ നികുതി വരുമാനം 17.5 ശതമാനമായിരുന്നുവെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ അത് 12 ശതമാനത്തിലേക്ക് ചുരുങ്ങി. കൂടുതല്‍ മേഖലകള്‍ നികുതിക്ക് വിധേയമാകുകയും ചില മേഖലകളിലെങ്കിലും നികുതി വര്‍ധിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ചുരുങ്ങല്‍ എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. വരുമാനം കുറഞ്ഞുവെങ്കിലും പദ്ധതി/പദ്ധതിയേതര ചെലവുകള്‍ നിയന്ത്രിക്കാനോ മുന്‍ഗണനാക്രമമനുസരിച്ച് കേന്ദ്രീകരിക്കാനോ ധനമന്ത്രിയോ സര്‍ക്കാറോ ശ്രമിച്ചതുമില്ല. കെ എം മാണി അവതരിപ്പിച്ച ബജറ്റുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. തോന്നും പോലെ പദ്ധതികള്‍ പ്രഖ്യാപിക്കുക, അത് നടപ്പാക്കാന്‍ പാകത്തിലുള്ള വിഹിതം അനുവദിക്കാതിരിക്കുക, ബജറ്റില്‍ അനുവദിച്ച വിഹിതം പദ്ധതിക്ക് കൈമാറാന്‍ പാകത്തിലുള്ള വരുമാനം കണ്ടെത്താതിരിക്കുക തുടങ്ങിയവയാണ് ആ ബജറ്റുകളുടെ മുഖമുദ്ര. അത്തരത്തിലുള്ള ധനകാര്യ മാനേജുമെന്റ് കേരളത്തെ എവിടെയാണോ എത്തിക്കുക അവിടെത്തന്നെയാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നതും.
2006 – 07 സാമ്പത്തിക വര്‍ഷം മുതല്‍ 2010 – 11 സാമ്പത്തിക വര്‍ഷം വരെ കേരളം എടുത്ത കടം 28,798.05 കോടി രൂപയാണ്. 2011 -12 മുതല്‍ 2015 – 16 വരെ എടുത്തത് 65,971.15 കോടിയും. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പ്രഖ്യാപിച്ച (പഴയതും പുതിയതും) പദ്ധതികളുടെ തുടര്‍ പ്രവൃത്തികള്‍, ദൈനംദിന ചെലവുകളിലുണ്ടായ വലിയ വര്‍ധന എന്നിവയൊക്കെ കണക്കിലെടുത്താലും കടത്തിന്റെ തോതിലുണ്ടായത് കുത്തനെയുള്ള കയറ്റമാണ്. ആ പണം ഉത്പാദനക്ഷമമായ മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ മുന്‍കാലങ്ങളിലെപ്പോലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറും ശ്രദ്ധിച്ചില്ല. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മൂലധനച്ചെലവിന്റെ വളര്‍ച്ചാനിരക്ക് ഉയര്‍ന്നുനിന്നത് 2006-11 കാലത്തായിരുന്നു. 2011 – 16 കാലത്ത് അതില്‍ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ച ദേശീയശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഉയര്‍ച്ചയില്‍ തുടരുകയും ചെയ്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇക്കാലയളവില്‍ വലിയ നഷ്ടം രേഖപ്പെടുത്തിയെന്നതും ശ്രദ്ധിക്കണം. ഉത്പാദനരംഗത്ത് കാര്യമായൊന്നും ചെയ്യാതെ തന്നെ വലിയ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നുവെങ്കില്‍ ഉപഭോഗത്തില്‍ അപകടരമാം വിധം കേരളം മുന്നോട്ടുപോയെന്നാണ് അര്‍ഥം. അതിന് പാകത്തിലുള്ള വ്യവസായ, വാണിജ്യ വികാസമാണ് ഉണ്ടായതെന്നും. ഈ രീതിയിലൊരു മാറ്റമുണ്ടാക്കാതെ, സമ്പദ് വ്യവസ്ഥയെ കണക്കുകളില്‍ ഭദ്രമാക്കിയതുകൊണ്ട് പ്രയോജനമുണ്ടോ എന്നതാണ് ധവള പത്രം മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. അതിന് പാകത്തില്‍ എന്തെങ്കിലും പുതിയ സര്‍ക്കാറിന്റെ മുന്‍ഗണനയിലുണ്ടോ എന്നതും.
നികുതി വരുമാനത്തിലുണ്ടായ വലിയ കുറവ് ധവളപത്രത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഊര്‍ജിതമായ പിരിവുണ്ടാകാത്തത് മാത്രമല്ല ഇതിന് കാരണം. നികുതി ഈടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തോന്നിയപോലെ സ്റ്റേ അനുവദിച്ചത്, ചില നികുതികളെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്ത് നല്‍കി, ഖജനാവിന് നഷ്ടമുണ്ടാക്കുകയും സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുകയും ചെയ്തത്, നിയമതടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും പിരിച്ചെടുക്കാവുന്ന നികുതി കുടിശ്ശിക ഖജനാവിലേക്ക് എത്തിക്കാതിരുന്നത് (ഈ തുക തന്നെ 6,000 കോടി വരുമത്രെ) എന്നിങ്ങനെ പലകാരണങ്ങളുണ്ട്. ഇതിനൊക്കെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് ഉത്തരവാദികളായവര്‍ ഉണ്ടാകുമല്ലോ? കോടികള്‍ ഖജനാവിന് നഷ്ടമാക്കിക്കൊണ്ട് ഉദ്ദിഷ്ടകാര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍, അതിന് ഉപകാരസ്മരണയുണ്ടാകാതെ വരില്ലല്ലോ? അത്തരം ഉപകാ(ഹാ)രങ്ങള്‍ അഴിമതിയുടെ പരിധിയില്‍ വരില്ലേ? അത്തരത്തിലെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുക എന്നത് ധവളപത്രകാരന്റെ ചുമതലയാണ്. ‘പോസ്റ്റ്‌മോര്‍ട്ടത്തിനൊന്നും ഞാന്‍ ശ്രമിക്കുന്നില്ല, ഭാവിയിലേക്ക് നോക്കുകയാണ്’ എന്ന് പറഞ്ഞൊഴിയുമ്പോള്‍ അഴിമതിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണമൊരുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് ചെയ്യുന്നത്.
നികുതികള്‍ മുന്‍കാല പ്രാബല്യത്തോടെ ഇളവ് ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം മുന്‍ ധനമന്ത്രി കെ എം മാണി ബജറ്റിലൂടെയാണ് ചെയ്തത്. അതിന് പിറകില്‍ അഴിമതിയുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദി അദ്ദേഹം തന്നെയാകണം. അതൊന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനില്ലെന്ന് പറയുമ്പോള്‍ അഴിമതിയോട് മാത്രമല്ല, അത് മുഖമുദ്രയാക്കിയെന്ന് ഇടതുപക്ഷം പറയുന്ന രാഷ്ട്രീയത്തോട് കൂടിയാണ് ധനമന്ത്രി സന്ധി ചെയ്യുന്നത്. ബജറ്റ് വിറ്റുവെന്ന ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് എന്ന് മറന്നുപോകുന്നത്, നിസ്സാരമായ ഒന്നായി കാണാന്‍ സാധിക്കില്ല തന്നെ.
ധവളപത്രം നല്‍കുന്ന വസ്തുതകളെ കണക്കിലെടുക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളവും അതിന്റെ കുടിശ്ശികയും അടക്കമുള്ള ഭരണച്ചെലവിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ പാകത്തില്‍ നികുതി പിരിവ് ഊര്‍ജിതമാക്കി സമ്പദ് വ്യവസ്ഥയെ കണക്കിലെങ്കിലും സ്ഥിരതയുള്ളതാക്കണമെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. അത്രയും കാലം വികസന പദ്ധതികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും? കൂടുതല്‍ കടമെടുക്കേണ്ടിവരും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിലധികം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ലെന്നതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ (നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞതുപോലെ സര്‍ക്കാറിന് കീഴില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയോ ചില പദ്ധതികള്‍ നടപ്പാക്കാന്‍ മാത്രമായി ഏജന്‍സികള്‍ രൂപവത്കരിച്ചുമൊക്കെ) വായ്പയെടുക്കും. ആ വായ്പകള്‍ പോലും നിര്‍ദിഷ്ട പദ്ധതികള്‍ക്ക് മാത്രമായി വിനിയോഗിക്കപ്പെടുമോ എന്ന് ഉറപ്പുമില്ല. കടമെടുക്കുന്നത് വലിയ അപരാധമായി കാണേണ്ടതില്ല, കടമെടുക്കുന്ന തുക ഉത്പാദനക്ഷമമായി ഉപയോഗിച്ചാല്‍ മതിയെന്ന് തോമസ് ഐസക്ക് വാദിച്ച 2006 മുതല്‍ 2011വരെയുള്ള കാലത്തും വായ്പകള്‍ മൂലധനച്ചെലവ് മാത്രമായി പരിണമിച്ചില്ല എന്നത് കൂടി പരിഗണിച്ചാല്‍, ഇപ്പോഴത്തെ പരിതാപാവസ്ഥയില്‍ അത് എത്രത്തോളം സാധ്യമാകുമെന്നത് വലിയ ചോദ്യമായി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് ഈ വസ്തുതാ വിവരണത്തെ മുന്‍കൂര്‍ജാമ്യമായി കൂടി കാണേണ്ടിവരുന്നത്.
ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാറും കെ എം മാണിയും പിന്തുടര്‍ന്ന സാമ്പത്തിക നടപടികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതിലൊരു മാറ്റമുണ്ടാകുമെന്ന ഉറപ്പ് തോമസ് ഐസക്കിനുണ്ട്. അതുകൊണ്ടാണ് അതൊരു നയപ്രസ്താവനയാകുന്നത്. ധനകാര്യ മാനേജുമെന്റില്‍ അച്ചടക്കമുണ്ടാകും, ബജറ്റിന് പുറത്തുള്ള പദ്ധതി പ്രഖ്യാപനങ്ങളും അതിന്റെ നടത്തിപ്പും പരിമിതപ്പെടും. വിഭവ സമാഹാരണം ഊര്‍ജിതപ്പെടുത്താന്‍ നടപടിയുണ്ടാകുകയും ചെയ്യും. പക്ഷേ, ഇതൊക്കെ രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമേ ആകുകയുള്ളൂ, തത്കാലമെങ്കിലും. രോഗം, വര്‍ഷങ്ങളുടെ ദുഃശീലം കൊണ്ട് സമ്പാദിച്ചതാണ്. അതിനെ തീഷ്ണമാക്കും വിധത്തില്‍ പ്രവര്‍ത്തിച്ചതാണ് കെ എം മാണിയും സംഘവും ചെയ്ത കുറ്റം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും നിത്യനിദാനച്ചെലവിനായി കടപ്പത്രമിറക്കി 1,800 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കടമെടുത്തിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അതിലെ ബാക്കിയാണ് തോമസ് ഐസക്ക് താക്കോലേറ്റെടുക്കുമ്പോള്‍ ഖജനാവിലുണ്ടായിരുന്നത്. അതുവെച്ച് ഖജനാവില്‍ മിച്ചമുണ്ടായിരുന്നുവെന്ന് കെ എം മാണിയും ഇതര യു ഡി എഫ് നേതാക്കളും അവകാശപ്പെടുന്നത്. ഇത് ജനത്തെ അറിയിക്കാനും വര്‍ധിച്ച കടവും പൂജ്യം സമ്പാദ്യവുമായാണ് ഭരണം തുടങ്ങിയിരിക്കുന്നത് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുന്നുവെന്നതുകൊണ്ടാണ് ധവളപത്രം രാഷ്ട്രീയ പ്രസ്താവനയാകുന്നത്. ഇക്കാലം വരെ നടന്ന വഴികളില്‍ നിന്ന് വലിയ മാറ്റമൊന്നും വരുംകാലത്തുമുണ്ടാകില്ലെന്നും ഈ രാഷ്ട്രീയ പ്രസ്താവന പറഞ്ഞുതരുന്നുണ്ട്.