കൊടുമുടികളില്‍ ദേശക്കൊടി പാറിച്ച് ശൈഖ് മുഹമ്മദ് ഖത്വര്‍ ചരിത്രത്തില്‍

Posted on: June 26, 2016 6:51 pm | Last updated: June 29, 2016 at 8:39 pm
quatar
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി പര്‍വതാരോഹണത്തില്‍

ദോഹ:ലോകത്തെ ഏഴ് വന്‍ കൊടുമുടികള്‍ കീഴടക്കുന്ന ആദ്യ ഖത്വരിയെന്ന ചരിത്രം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി സ്വന്തം പേരിലെഴുതി. അറിയപ്പെടുന്ന പര്‍വതാരോഹകനും സാഹസികനുമായ ശൈഖ് മുഹമ്മദ് ഈ മാസം ആദ്യമാണ് നോര്‍ത്ത് അമേരിക്കയിലെ ഡെനാലി കൊടുമുടിയില്‍ ഖത്വര്‍ പതാക പാറിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 6,190 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടുമുടിയാണിത്. സങ്കീര്‍ണമായ നേട്ടമാണ് ശൈഖ് മുഹമ്മദ് കൈവരിച്ചത്.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള 350 പര്‍വതാരോഹകര്‍ക്കൊപ്പമായിരുന്നു ശൈഖ് മുഹമ്മദിന്റെ സാഹസിക ദൗത്യം. മോശം കാലാവസ്ഥയെ അതിജീവിച്ചാണ് അദ്ദേഹം മല കയറിയത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും കനത്ത മഞ്ഞു വീഴ്ചയും അതിജയിച്ചു. ഇച്ഛാശക്തിയും ദൃഢനിശ്ചയവും കൈമുതലാക്കിയതാണ് ലോകത്തെ ഏഴു കൊടുമുടികളും കീഴടക്കുക എന്ന ചരിത്രം കുറിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.
റീച്ച് ഔട്ട് ഏഷ്യ (റോട്ട) ഗുഡ് വില്‍ അംബാസിഡറാണ് അദ്ദേഹം. യു എ ഇയില്‍ നിന്നും അമേരിക്കയിലെ സീറ്റിലിലേക്കും അവിടെ നിന്നും അലസ്‌കയിലെ ആന്‍കറേജിലേക്കും പറന്ന് ശേഷം നാലു മണിക്കൂര്‍ ബസ് യാത്ര ചെയ്ത് ഡെനാലിയോടു ചേര്‍ന്നു കിടക്കുന്ന തല്‍കീന്റ സിറ്റിയിലെത്തി. ഇവിടെനിന്നാണ് സ്വകാര്യ വിമാനത്തില്‍ പര്‍വതാരോഹണ ക്യാമ്പിലെത്തിയത്.
ഏഴു പര്‍വത ശിഖരങ്ങളും കീഴടക്കുക എന്നത് അത്യപൂര്‍വമായ നേട്ടമാണ്. അതിസാഹസികര്‍ക്കും പരിജ്ഞാനമുള്ളവര്‍ക്കും മാത്രേമേ ഇതു സാധ്യമായിട്ടുള്ളൂ. ഏഷ്യയിലെ എവറസ്റ്റ്, സൗത്ത് അമേരിക്കയിലെ മൗണ്ട് അകോണ്‍കാഗ്വ, ആഫ്രിക്കയിലെ കിളിമാഞ്ജാരോ, യൂറോപ്പിലെ മൗണ്ട് എല്‍ബ്രസ്, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മസ്സീഫ്, ആസ്‌ട്രേലിയയിലെ മൗണ്ട് കോസിയൂസ്‌കോ എന്നിവയാണ് ലോകത്തെ കൂടുതല്‍ ഉയരുമുള്ള ഏഴു കൊടുമുടികള്‍. എവറസ്റ്റാണ് ഏറ്റവും ഉയരത്തില്‍.
ലോകത്തെ ഏഴു വന്‍ കൊടുമുടികളിലും ഖത്വരി പതാക ഉയര്‍ത്താന്‍ സാധിച്ചില്‍ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ആയിരക്കണക്കിനു മണിക്കൂറുകള്‍ ചെലവഴിച്ച പരിശീലനത്തിന്റെയും കഠാനാധ്വാനത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. നിരവധി വെല്ലുവിളികളും പ്രയാസങ്ങളും നേരിട്ടാണ് ലക്ഷ്യത്തിലെത്തിയത്. പരിശ്രമങ്ങള്‍ ഫലവത്താകുന്നത് വിജയം നേടുമ്പോഴാണ്. എപ്പോഴും ഉയരങ്ങള്‍ ലക്ഷ്യം വെക്കണം. ശേഷം സ്വയം സമര്‍പ്പിക്കണം. എന്നാല്‍ വിജയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. സൗന്ദര്യമുള്ളതും മികച്ചതുമായ ജീവിതം നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
2009 ഒക്‌ടോബറിലാണ് ലോകത്തെ സപ്തശിഖരങ്ങള്‍ കീഴടക്കാനുള്ള തന്റെ യാത്ര ശൈഖ് മുഹമ്മദ് ആരംഭിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം എവറസ്റ്റ് ബേസ്ഡ് ക്യാമ്പിലായിരുന്നു തുടക്കം. സമുദ്ര നിരപ്പില്‍നിന്നും 5,364 മീറ്റര്‍ ഉയരത്തിലുള്ളതായിരുന്നു ക്യാമ്പ്. തുടര്‍ന്ന് 2010 ഒക്‌ടോബര്‍ 25ന് കിളിമാഞ്ജാരോ കീഴടക്കി. തുടര്‍ന്ന് വിന്‍സണ്‍ മസ്സീഫ് ആയിരുന്നു ലക്ഷ്യം. 2011 ഡിസംബര്‍ 25നായിരുന്നു ഈ നേട്ടം കൈവരിച്ചത്.
തൊട്ടടുത്ത വര്‍ഷം ആഗസ്റ്റ് 28ന് യൂറോപ്പിലെ മൗണ്ട് എല്‍ബ്രസും ശൈഖ് മുഹമ്മദിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു. ഇതേ വര്‍ഷം ഒക്‌ടോബര്‍ 11ന് കോസിയൂസ്‌കോ പര്‍വത ശിഖരത്തിലും ശൈഖ് മുഹമ്മദ് ഖത്വര്‍ ദേശക്കൊടി പറത്തി. ഏതാനും മാസങ്ങള്‍ക്കം 2013 ജനുവരി അഞ്ചിന് അകോണ്‍കാഗ്വ കൊടുമുടിയിലുമെത്തി. ഇതേ വര്‍ഷം മെയ് 22നാണ് എവറസ്റ്റ് കീഴടക്കുന്നത്. ഏഴാമതു നേട്ടമായ ഡനാലിയില്‍ ഖത്വര്‍ പതാക പാറിയ ദിവസം ജൂണ്‍ മൂന്ന്.
ഏഴു കൊടുമുടിയിലേക്കുള്ള സാഹസിക സഞ്ചാരത്തിനിടെ ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചത് ടാന്‍സാനിയ, ആസ്‌ട്രേലിയ, നേപ്പാള്‍, റഷ്യ, അമേരിക്ക, അര്‍ജന്റീന, അന്റാര്‍ട്ടിക്ക തുടങ്ങിയ രാജ്യങ്ങളാണ്.