ആതുര സേവന പാതയില്‍ മാതൃകയായി സഹായി വാദിസലാം

Posted on: June 22, 2016 6:00 am | Last updated: June 21, 2016 at 11:40 pm
കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന                 സഹായി വാദി സലാമിന്റെ കീഴില്‍ നടക്കുന്ന ഇഫ്ത്താറില്‍ നിന്ന്‌
കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി വാദി സലാമിന്റെ കീഴില്‍ നടക്കുന്ന ഇഫ്ത്താറില്‍ നിന്ന്‌

കോഴിക്കോട്: വിശുദ്ധ റമസാനില്‍ രോഗികളും പരിചാരകരുമായ ആയിരങ്ങള്‍ക്ക് വിഭവസമൃദ്ധമായ സൗജന്യ ഇഫ്താര്‍ വിരുന്നൊരുക്കുന്ന സഹായി വാദിസലാമിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു. എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ‘സഹായി വാദീ സലാം’ .മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികള്‍, കൂട്ടിരിപ്പുകാര്‍, യാത്രക്കാര്‍, ഡോക്ടര്‍മാര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരടക്കം ദിനേന രണ്ടായിരത്തോളം പേര്‍ക്കാണ് വിപുലമായ ഇഫ്താര്‍ സൗകര്യം ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് നോമ്പ് തുറക്കുള്ള ഭക്ഷണം പാര്‍സലായി വിതരണം ചെയ്യുന്നതിന് പുറമേ ദിവസവും പള്ളിയില്‍ അഞ്ഞൂറില്‍പരം ആളുകള്‍ക്ക് നേമ്പ് തുറയും നടത്താറുണ്ട്. രാത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്ന ബന്ധുക്കളായ 500ഓളം പേര്‍ക്ക് അത്താഴവും നല്‍കി വരുന്നു.
ഓരോ ദിവസവും വിത്യസ്ത വിഭവങ്ങളാണ് നോമ്പ്തുറക്കും അത്താഴത്തിനും ഒരുക്കുന്നത്. നോമ്പ് തുറക്കാന്‍ ബിരിയാണി, പാലപ്പം, ഇടിയപ്പം, ചപ്പാത്തി, ഇറച്ചിക്കറി എന്നീ വിഭവങ്ങളും പുറമേ, മലബാറിന്റെ തനത് വിഭവങ്ങളായ തരിക്കഞ്ഞിയും ജീരകക്കഞ്ഞിയുമുണ്ടാവും. സഹായി വളണ്ടിയര്‍മാര്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലെത്തിയാണ് ആവശ്യക്കാര്‍ക്ക് നേരത്തേ കൂപ്പണുകള്‍ നല്‍കുന്നത്. ഭക്ഷണം ആവശ്യമുള്ള രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും അതാത് ദിവസങ്ങളില്‍ വാര്‍ഡുകളിലെത്തി രാവിലെ നല്‍കുന്ന കൂപ്പണുകള്‍ പ്രകാരമാണ് ഭക്ഷണവും അത്താഴവും വിതരണം ചെയ്യുന്നത്. ഭക്ഷണം അനാവശ്യമായി ബാക്കിയാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ആവശ്യക്കാര്‍ക്ക് എണ്ണമനുസരിച്ച് കൂപ്പണുകള്‍ മുഖേന ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമൊക്കെ സഹായി വാദീ സലാമിന്റെ ഇരുനൂറോളം പേരടങ്ങിയ വളണ്ടിയര്‍മാരാണ്.
റമസാനില്‍ ഇരുനൂറോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി വൈകുന്നേരം പ്രത്യേക ഗൈഡന്‍സ് ക്ലാസുകളും സഹായിക്ക് കീഴില്‍ നടന്നു വരുന്നു. ക്ലാസുകള്‍ക്ക് മെഡിക്കല്‍ കോളജ് ഡെര്‍മറ്റോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ എന്‍ അബ്ദുല്ലത്വീഫാണ് നേതൃത്യം നല്‍കുന്നത്. അവര്‍ക്കുള്ള അത്താഴവും ഇഫ്താറും സഹായി തന്നെയാണ് നല്‍കുന്നത്. നോമ്പ്കാലത്തിന് പുറമെ കഴിഞ്ഞ 15 വര്‍ഷമായി മെഡിക്കല്‍ കോളജിലെത്തുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സഹായി രാവിലെയും വൈകിട്ടും ഭക്ഷണ വിതരണം നടത്തന്നുണ്ട്.
ഒന്നര പതിറ്റാണ്ടായി ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ സഹായി വാദിസലാമിന്റെ കീഴില്‍ കോഴിക്കോട് പൂനൂര്‍ പി എച്ച് ആര്‍ സി ആശുപത്രിക്ക് സമീപത്തായി നിര്‍ധനരായ വൃക്ക രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷമാരംഭിച്ച സെന്ററില്‍ 10 ഡയാലിസിസ് യൂനിറ്റുകളിലായി 16 രോഗികള്‍ക്ക് ഡയാലിസിസ് നടത്തി വരുന്നുണ്ട്. ഇരുപത് ഡയാലിസിസ് മെഷീനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ആര്‍ ഒ പ്ലാന്റാണ് പൂനൂരില്‍ സജ്ജമായത്. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സെന്റര്‍ വിപുലീകരിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ജീവിത ശൈലിയില്‍ വന്ന മാറ്റം മൂലം കേരളത്തില്‍ വൃക്ക രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലും നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസിന് സൗകര്യമൊരുക്കുകയെന്ന ആശയത്തിന്റെ ഭാഗവുമായാണ് സഹായി വാദി സലാം ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചത്. ദിവസേന ഒരാള്‍ക്ക് ഡയാലിസിസിനായി ആയിരത്തോളം രൂപ ചെലവ് വരുന്നുണ്ടെങ്കിലും പാവപ്പെട്ടവര്‍ക്ക് സൗജന്യമായാണ് സഹായി ഇത് സാധ്യമാക്കുന്നത്.
അപകടങ്ങളില്‍പ്പെട്ട് സഹായത്തിനാളില്ലാതെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്കും കിടത്തി ചികിത്സകര്‍ക്കും ഒ പിയിലെത്തുന്നവര്‍ക്കുമായി സഹായി വളണ്ടിയര്‍മാര്‍ നല്‍കുന്ന സേവനം സ്തുത്യര്‍ഹമാണ്. നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ എത്തിച്ച് കൊടുക്കുന്നതിലും, അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ പോസ്റ്റുമോര്‍ട്ടം, മരണാനന്തര കര്‍മങ്ങള്‍ എന്നിവ ത്വരിതപ്പെടുത്തുന്നതിലും സഹായി വളണ്ടിയര്‍മാര്‍ ഇടപെടുന്നു. പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ദിവസേന 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ് സര്‍വീസും സഹായിക്ക് കീഴില്‍ സജ്ജമാണ്. അഗതികള്‍ക്ക് സൗജന്യമായാണ് അമ്പുലന്‍സ് സേവനം നല്‍കി വരുന്നത്. അത്യാഹിതങ്ങളില്‍പ്പെട്ട് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ക്കും വാര്‍ഡുകളില്‍ ഓപറേഷന്‍ നടത്തേണ്ടവര്‍ക്കും മെഡിക്കല്‍ കോളജ് ബ്ലഡ് ബേങ്കുമായി സഹകരിച്ച് സഹായി ഇടപെട്ട് രക്തം നല്‍കി വരുന്നു. ഇതിന് പുറമേ കോളജിലെ ഒ പിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും കിടത്തി ചികിത്സക്ക് വിധേയമാക്കുന്നവര്‍ക്കും സഹായിയുടെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സൗജന്യ മരുന്ന് വിതരണവും നടക്കുന്നുണ്ട്. പ്രതിവര്‍ഷം പതിനായിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഡോക്ടര്‍മാര്‍, മെഡിക്കല്‍ റപ്പുമാര്‍, സന്നദ്ധ സേവകര്‍ മുഖേനയാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. മരുന്നു വിതരണം വിപുലമാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണത്തോടെ ആരംഭിക്കുന്ന ഹൈ ടെക്ക് മെഡിക്കല്‍ ഷോപ്പ് അടുത്തമാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കായി അവശ്യ പരിചരണത്തിനുള്ള വാട്ടര്‍ ബെഡ്ഡ്, എയര്‍ ബെഡ്ഡ്,വീല്‍ ചെയറുകള്‍, സ്‌ട്രെക്ച്ചര്‍ എന്നിവയും സ്ഥിരമായി സഹായിക്ക് കീഴില്‍ വിതരണം ചെയ്തുവരുന്നുണ്ട്. മെഡിക്കല്‍ കോളജ് വാര്‍ഡുകളുടെ നവീകരണം, ഷെല്‍ട്ടറുകളുടെ നിര്‍മാണം, തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സഹായിവാദിസലാം ആതുര സേവന മേഖലയില്‍ ഇന്ന് നിറ സാന്നിദ്ധ്യമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദിനേന ഭീമമായ സാമ്പത്തിക ചെലവുകള്‍ വരുന്ന സഹായിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായങ്ങളാണ് കൈത്താങ്ങാകുന്നത്. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ എ നാസര്‍ ചെറുവാടി, കെ അബ്ദുല്ല സഅദി, ബി പി സാദിഖ് ഹാജി, കരീം കക്കാട് എന്നിവരാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍ പിടിക്കുന്നത്.