ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഫോര്‍ സ്റ്റാര്‍ ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ്‌

Posted on: June 21, 2016 8:10 pm | Last updated: June 21, 2016 at 8:10 pm
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ദോഹ: പുതുക്കിപ്പണിയുന്ന ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് ഗ്ലോബല്‍ സസ്റ്റയ്‌നബിലിറ്റി അസ്സസ്‌മെന്റ് സിസ്റ്റ (ജി എസ് എ എസ്)ത്തിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. ജി എസ് എ എസിന് മേല്‍നോട്ടം വഹിക്കുന്ന ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ഗോര്‍ഡ്) ഒരു നവീകരണ പദ്ധതിക്ക് നല്‍കുന്ന ആദ്യ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റാണ് ഖലീഫ സ്റ്റേഡിയത്തിന് ലഭിച്ചത്.
സ്റ്റേഡിയം നവീകരണ പ്രവൃത്തികള്‍ക്ക് സ്വീകരിച്ച സുസ്ഥിര മാനദണ്ഡങ്ങളുടെയും നിലവാരത്തിന്റെയും സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് അസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രൊജക്ട് മാനേജര്‍ എന്‍ജിനീയര്‍ മന്‍സൂര്‍ അല്‍ മുഹന്നദി പ്രതികരിച്ചു. നവീകരണ പ്രവൃത്തികളായതിനാല്‍ കര്‍ശന സുസ്ഥിരത ലക്ഷ്യം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ഖലീഫ ഇന്റനാഷനല്‍, അല്‍ ബൈത്, അല്‍ ഖോര്‍ സ്റ്റേഡിയങ്ങളുടെ പ്രൊജക്ട് മാനജേര്‍ എന്‍ജിനീയര്‍ മുഹമ്മദ് അഹ്മദ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ തന്ത്രപ്രധാന സ്ഥാനം, പൊതുഗതാഗത സൗകര്യം, സാമഗ്രികള്‍ മേഖലയില്‍ നിന്ന് തന്നെ ലഭ്യമാക്കിയത്, ഉന്നത അന്താരാഷ്ട്ര നിലവാരം അനുസരിച്ചുള്ള വികസനം തുടങ്ങിയവയാണ് സുസ്ഥിരത കൈവരിക്കാന്‍ സഹായകമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫിഫ ലോകകപ്പിനുള്ള ഓരോ സ്റ്റേഡിയവും ചുരുങ്ങിയത് ഫോര്‍ സ്റ്റാര്‍ സുസ്ഥിരത റേറ്റിംഗ് നേടണമെന്നതാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യുടെ ലക്ഷ്യം. അല്‍ വക്‌റ സ്റ്റേഡിയം കഴിഞ്ഞ വര്‍ഷം ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. മിന മേഖലയില്‍ ഏറ്റവും കൂടുതല്‍ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സ്റ്റേഡിയം ഡിസൈനുകളാണ് അല്‍ വക്‌റയുടെതും ഖലീഫ ഇന്റര്‍നാഷനലിന്റെതുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. എല്‍ ഇ ഡി ലൈറ്റിംഗ് സംവിധാനത്തോടെ ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ 2022 ലോകകപ്പിന് വേണ്ടി തയ്യാറാകുന്ന ആദ്യ സ്റ്റേഡിയമാകും ഖലീഫ ഇന്റനാഷനല്‍. നിര്‍മാണം പൂര്‍ത്തിയായി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഹരിത കെട്ടിട സര്‍ട്ടിഫിക്കേഷന്‍ സംവിധാനമാണ് ജി എസ് എ എസിന്റെത്. പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ 2009ലാണ് ഇത് സ്ഥാപിച്ചത്. അര്‍ബന്‍ കണക്ടിവിറ്റി, സൈറ്റുകള്‍, ഊര്‍ജം, വെള്ളം, നിര്‍മാണ സാമഗ്രികള്‍, ഇന്‍ഡോര്‍ അന്തരീക്ഷം, സാംസ്‌കാരിക- സാമ്പത്തിക മൂല്യങ്ങള്‍, കാര്യനിര്‍വഹണം തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്.