സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം

Posted on: June 20, 2016 9:10 am | Last updated: June 20, 2016 at 12:16 pm

syrian orthodox sabhaദമാസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ നിന്ന് ബാവ തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകനുള്‍പ്പെടെ മൂന്നുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയ, തുര്‍ക്കി അതിര്‍ത്തിയായ ഖാമിഷിലിയിലാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

പാത്രിയര്‍ക്കീസ് ബാവയുടെ ജന്‍മനാടായ ഖ്വാതിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയായിരുന്നു ബാവ. പാത്രിയാര്‍ക്കീസ് ബാവയെ കാണണമെന്ന് ആവശ്യപ്പെട്ടെത്തിയ യൂവാവിനെ സുതോറോ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഇസില്‍ തീവ്രവാദികളും സിറിയന്‍ വിമതരും ഏറെയുള്ള പ്രദേശമാണ് ഖാമിഷിലി. അസദ് സര്‍ക്കാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന കൃസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഇവിടെ ആക്രമണം പതിവാണ്. പാത്രിയാര്‍ക്കീസ് ബാവ സുരക്ഷിതനാണെന്നും വിമാനമാര്‍ഗം അദ്ദേഹം ബൈറൂത്തിലെത്തുമെന്നും സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി.