സാധ്വി പ്രാചി: വിവേകാനന്ദ ദര്‍ശനത്തെ നിന്ദിക്കുന്ന വര്‍ഗീയ സന്യാസി

മുസ്‌ലിംരഹിത ഭാരതമാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യമെങ്കില്‍ ബി ജെ പിക്കാര്‍ തങ്ങള്‍ക്ക് മുസ്‌ലിം വോട്ടോ മുസ്‌ലിംകളായ അംഗങ്ങളോ വേണ്ടതില്ലെന്ന് തുറന്നുപറയാന്‍ തയ്യാറാകണം. അതിനു ചങ്കൂറ്റമില്ലാത്ത ബി ജെ പി നേതൃത്വത്തെ നാലു ചീത്ത വിളിക്കാനുള്ള ചങ്കൂറ്റമെങ്കിലും സാധ്വി പ്രാചിയെപ്പോലുള്ള സംഘ് പരിവാര ജിഹ്വകളും കാണിക്കണം. മറിച്ചാണെങ്കില്‍, അതായത് മുസ്‌ലിംരഹിത ഭാരതം ലക്ഷ്യമല്ല എന്നാണ് ബി ജെ പി നിലപാടെങ്കില്‍, സാധ്വി പ്രാചിയെപ്പോലുള്ളവരെ ചങ്ങലക്കിട്ട് നിയന്ത്രിക്കാന്‍ ബി ജെ പി തയ്യാറാകണം.
Posted on: June 13, 2016 6:22 am | Last updated: June 13, 2016 at 12:34 am
SHARE

ഭാരതത്തിന്റെ പ്രാചീനവും നവീനവുമായ ആധ്യാത്മിക പാരമ്പര്യത്തിനും രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രവസ്തുതകള്‍ക്കും ലവലേശം പൊരുത്തപ്പെടാത്ത വിടുവായിത്തങ്ങളാണ് സാധ്വി പ്രാചിയെ പോലുള്ള വിശ്വഹിന്ദു പരിഷത്ത് നേതാക്കളില്‍ നിന്ന് കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്‌വിമുക്ത ഭാരതം യാഥാര്‍ഥ്യമായിക്കഴിഞ്ഞു എന്നും ഇനി മുസ്‌ലിംവിമുക്ത ഭാരതമാണ് ഉണ്ടാകേണ്ടതെന്നുമാണ് സാധ്വി പ്രാചി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തരം വിദ്വേഷ ജല്‍പ്പനങ്ങളോടു ബി ജെ പി ദേശീയ അധ്യക്ഷനായ അമിത്ഷായും സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനും തങ്ങളുടെ നിലപാടെന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറാകേണ്ടതുണ്ട്. മുസ്‌ലിംരഹിത ഭാരതമോ മുസ്‌ലിംരഹിത ബി ജെ പിയോ തങ്ങളുടെ ലക്ഷ്യമാണോ എന്നാണ് അമിത് ഷായും കുമ്മനവും വിശദീകരിക്കേണ്ടത്.

ഈത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അലി അക്ബറിനെ പോലെ ചിലരെ സ്ഥാനാര്‍ഥികളാക്കി വോട്ട് പിടിക്കാന്‍ ബി ജെ പി കേരളത്തില്‍ ശ്രമിച്ചിരുന്നു. അബ്ബാസ് നഖ്‌വിയെപ്പോലുള്ള മുസ്‌ലിംകള്‍ ബി ജെ പി ദേശീയ നേതൃത്വത്തിലും സജീവമാണ്. മുസ്‌ലിംരഹിത ഭാരതമാണ് സംഘ്പരിവാരത്തിന്റെ ലക്ഷ്യമെങ്കില്‍ ബി ജെ പിക്കാര്‍ തങ്ങള്‍ക്ക് മുസ്‌ലിം വോട്ടോ മുസ്‌ലിംകളായ അംഗങ്ങളോ വേണ്ടതില്ലെന്ന് തുറന്നുപറയാന്‍ തയ്യാറാകണം. അതിനു ചങ്കൂറ്റമില്ലാത്ത ബി ജെ പി നേതൃത്വത്തെ നാലു ചീത്ത വിളിക്കാനുള്ള ചങ്കൂറ്റമെങ്കിലും സാധ്വി പ്രാചിയെപ്പോലുള്ള സംഘ് പരിവാര ജിഹ്വകളും കാണിക്കണം. മറിച്ചാണെങ്കില്‍, അതായത് മുസ്‌ലിംരഹിത ഭാരതം ലക്ഷ്യമല്ല എന്നാണ് ബി ജെ പി നിലപാടെങ്കില്‍, സാധ്വി പ്രാചിയെപ്പോലുള്ളവരെ ചങ്ങലക്കിട്ട് നിയന്ത്രിക്കാന്‍ ബി ജെ പി തയ്യാറാകണം. ഇത് രണ്ടും ചെയ്യാന്‍ തയ്യാറാകാതെ വി എച്ച് പിയും ബി ജെ പിയും ഉള്‍പ്പെട്ട സംഘ്പരിവാരം കാക്കി നിക്കര്‍ രാഷ്ട്രീയമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
കാശ്മീര ദേശത്തെ മുസ്‌ലിം ലീഗെന്ന് വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് പി ഡി പി. പി ഡി പിയുമായി അധികാരം പങ്കിടുന്ന സംഘ്പരിവാര രാഷട്രീയ പ്രസ്ഥാനമാണ് ബി ജെ പി. ഇങ്ങനെയൊക്കെ ചെയ്യുന്ന ബി ജി പിക്ക് മുസ്‌ലിം ലീഗുമായി ഐക്യമുന്നണി ഉണ്ടാക്കി അധികാരം കൈയാളിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഛായയാണ് നിലവില്‍ അവിടെ ഉള്ളത്. വസ്തുത ഇതായിരിക്കെ, മുസ്‌ലിംരഹിത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ പ്രസ്താവന ബി ജെ പിക്ക് തന്നെ എതിരാണ്. ബി ജി പിക്കെതിരായ പ്രസ്താവന സംഘ്പരിവാര പ്രസ്ഥാനമായ വി എച്ച് പി നേതൃത്വത്തില്‍ നിന്ന് തന്നെ ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് പറയാന്‍ പോലും ബി ജെ പി നേതൃത്വത്തിന് എന്തുകൊണ്ട് നാക്കനക്കാനാകുന്നില്ല? ഈ ചോദ്യത്തിന് ഉത്തരം തേടിയാല്‍ സംഘ്പരിവാരത്തിന്റെ ജനവഞ്ചനയുടെ രാഷ്ട്രീയം തെളിഞ്ഞുകിട്ടും.
ഒരു ഭാഗത്ത് മുസ്‌ലിംകളുമായി ഐക്യമുന്നണി ഉണ്ടാക്കിക്കൊണ്ട് അധികാരം കൈയാളുകയും അത് വഴി തങ്ങള്‍ മുസ്‌ലിംകളുടെ മിത്രമാണെന്ന വ്യാജ പ്രതീതി ഉണ്ടാക്കുകയും ചെയ്യുക. മറുവശത്ത്, മുസ്‌ലിംവിമുക്ത ഭാരതമാണെന്ന് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന സാധ്വി പ്രാചിമാരെ ചങ്ങലക്കിടാതെ അഴിഞ്ഞാടാന്‍ അനുവദിക്കുകയും അതുവഴി ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണം വളര്‍ത്തുകയും ചെയ്യുക. ഇത് രണ്ടും ഒരേ സമയം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘ്പരിവാരം ജനവഞ്ചനയുടെ രാഷ്ട്രീയത്തിനാണ് നേതൃത്വം നല്‍കുന്നത്.
സ്വാമി വിവേകാനന്ദന്റെയും മൗലാനാ അബുല്‍കലാം ആസാദിന്റെയും കുഞ്ഞാലി മരക്കാരുടെയും ചേരമാന്‍ പെരുമാളിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ഡോ. അംബേദ്കറുടെയുമൊക്കെ പാരമ്പര്യമുള്ള ഭാരതീയ പൗരാവലിക്ക് സംഘ്പരിവാര നിര്‍മുക്ത ഭാരതമാണ് രാഷ്ട്ര സമാധാനത്തിന് അത്യാവശ്യമെന്നേ പറയാനാകൂ. അങ്ങനെ ചിന്തിക്കാനും പറയാനും പ്രവര്‍ത്തിക്കാനും കഴിവും സന്നദ്ധതയുമുള്ള ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഐക്യമാണ് ഇനി ഇന്ത്യയെ നയിക്കേണ്ടതും ഭരിക്കേണ്ടതും.
പ്രാചി എന്ന പേരില്‍ അറിയപ്പെടുന്ന വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് ഒരു സന്ന്യാസിനിയാണെന്ന് അവരുടെ പേരിന് മുന്നിലുള്ള ‘സാധ്വി’ എന്ന വിശേഷ നാമം സൂചിപ്പിക്കുന്നു. അതിനാല്‍, സാധ്വി പ്രാചിമാര്‍ ആധുനിക ഭാരതത്തിലെ അഭിവന്ദ്യരായ സന്ന്യാസിമാര്‍ വിഭാവനം ചെയ്തിരുന്ന ഭാരതം ഏത് വിധത്തിലുള്ളതാണെന്ന് വിസ്മരിക്കാന്‍ പാടില്ല.

”സര്‍വമനുഷ്യ വര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്‌ലാമാണ്. ഇസ്‌ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്ത സിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്മങ്ങളും അത്ഭുതാവഹങ്ങളുമായിക്കൊള്ളട്ടെ, ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത് ഹിന്ദു മതവും ഇസ്‌ലാമും എന്ന രണ്ട് മഹാ സമ്പ്രദായങ്ങളുടെ വേദാന്തമസ്തിഷ്‌കത്തിന്റെയും ഇസ്‌ലാം ശരീരത്തിന്റെയും യോഗമാണ്, ചേര്‍ച്ചയാണ്.” (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, വാള്യം അഞ്ച്, പേജ് 566)
ഇങ്ങനെ പറയുമ്പോള്‍, മുസ്‌ലിംരഹിത ഭാരതം ലക്ഷ്യമിടുന്ന സാധ്വി പ്രാചിമാര്‍ വിവേകാനന്ദ സ്വാമികള്‍ വിഭാവനം ചെയ്ത ഹിന്ദു മുസ്‌ലിം ഐക്യ ഭാരതത്തിന്റെ നിന്ദകരും ശത്രുക്കളുമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here