കശുവണ്ടി ഫാക്ടറികള്‍ ഉടന്‍ തുറക്കും: മന്ത്രി

Posted on: June 11, 2016 9:10 am | Last updated: June 11, 2016 at 9:10 am

j mercykutty ammaതിരുവനന്തപുരം: അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ എത്രയുംവേഗം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് എട്ടിന് കൂടിയ കശുവണ്ടി വ്യവസായ ബന്ധ സമിതി ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി ഐ ആര്‍ സി യോഗത്തില്‍ വിശദീകരിച്ചു. കശുവണ്ടി വ്യവസായ രംഗത്ത് നിലവിലുളള ഗുരുതരമായ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുളള സര്‍ക്കാരിന്റെ ശ്രമത്തിന് തൊഴിലാളികളും തൊഴില്‍ ഉടമകളും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
യോഗത്തില്‍ മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയായ പി കെ ഗുരുദാസന്‍, വ്യവസായികളായ പി സുന്ദരന്‍, ബാബു ഉമ്മന്‍, പി സോമരാജന്‍, ശിവശങ്കരപിളള, അബ്ദുറഹ്മാന്‍ കുഞ്ഞ്, ജോബ്രാന്‍ ജി വര്‍ഗ്ഗീസ്, എന്നിവരും അഡ്വ. ജി ലാലു, എ എ അസീസ്, വി സത്യശീലന്‍, ഇ കാസിം തുടങ്ങിയ തൊഴിലാളി യൂനിയന്‍ നേതാക്കളും കാഷ്യൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ ബിജു, മാനേജിംഗ് ഡയറക്ടര്‍ ജീവന്‍ ബാബു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി പ്രമോദ്, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി എന്‍ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു.
കശുവണ്ടി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വ്യവസായികളുടെയും ബന്ധപ്പെട്ട ബേങ്കുകളുടെയും സംയുക്തയോഗം ഈമാസം 18 ന് മന്ത്രിയുടെ ചേംബറില്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.