ബോക്‌സിംഗ് റിംഗിലെ ഇതിഹാസം ഇനി ഓര്‍മകളില്‍

Posted on: June 11, 2016 12:19 am | Last updated: June 11, 2016 at 11:45 am

muhammed aliലൂയിവില്ലെ(യുഎസ്): വർണവിവേചനത്തിന് എതിരായ പോരാട്ടങ്ങളിലൂടെയും ബോക്സിംഗ് റിംഗിലെ അനിതരസാധാരണമായ പ്രകടനങ്ങളിലൂടെയും ജന ലക്ഷങ്ങളുടെ നെഞ്ചകത്തിൽ ഇടംപിടിച്ച മുഹമ്മദ് അലി ഇനി ഒാർമ. മുഹമ്മദലി ഇനി ആരാധക ലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. മുഹമ്മദലിയുടെ മരിക്കാത്ത ഓര്‍മകള്‍ നെഞ്ചിലേറ്റി ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ജന്‍മനാടായ കെന്റകിയിലെ ലൂയിവില്ലയില്‍ കേവ് ഹില്‍ ഖബർസ്ഥാനിലാണ് മയ്യത്ത് ഖബറടക്കിയത്.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. പതിനായിരത്തിലധികം ആളുകള്‍ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. മയ്യിത്ത് വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രണ്ടുമണിക്കൂറോളം സമയമെടുത്താണ് അവസാനിച്ചത്. ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്, മുന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ ലെനോക്‌സ് ലൂയീസ് എന്നിവര്‍ക്കൊപ്പം മുഹമ്മദലിയുടെ ആറ് അടുത്ത ബന്ധുക്കളും ചേര്‍ന്നാണ് മയ്യിത്ത് ചുമന്നത്.

മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ കഌന്റണ്‍, സിനിമാതാരം ബില്ലി ക്രിസ്റ്റല്‍, മാല്‍കം എക്‌സിന്റെ മകള്‍ അതല്ല ശഹബാസ്, മുഹമ്മദ് അലിയുടെ ഭാര്യ ലോണി, മക്കളായ മര്‍യം, റശീദ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ച് സംസാരിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ജോര്‍ഡന്‍ രാജാവ് അബ്ദുല്ല, ഗായകന്‍ യൂസുഫുല്‍ ഇസ്ലാം തുടങ്ങിയ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.