ഓതാം, ആദരിക്കാം; വിശുദ്ധ വേദം

മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് വസന്തമാണെന്ന മാലിക്ബ്‌നു ദീനാര്‍ (റ) വിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഈ വസന്തത്തിന്റെ വിലയറിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. മുന്‍കാല ഇമാമുമാരും സാത്വികരായ വിശ്വാസികളുമൊക്കെ ഈ വഴിയില്‍ ഏറെ മുന്നേറി. ഇമാം ശാഫിഈ (റ) റമസാനില്‍ ദിവസം രണ്ട് ഖത്മ് വീതം പാരായണം ചെയ്യുമായിരുന്നു. മറ്റു ഇമാമുമാരും റമസാനില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് വിശുദ്ധ ഖുര്‍ആനിലായിരുന്നു.
Posted on: June 10, 2016 6:00 am | Last updated: June 15, 2016 at 7:58 pm

quranഇക്കുറിയും പുണ്യ റമസാനിന്റെ വരവറിയിച്ചുകൊണ്ട്, വാര്‍ത്താമാധ്യമങ്ങള്‍ നല്‍കിയ മുഖച്ചിത്രം വിശുദ്ധ ഖുര്‍ആന്‍ പരാണയം ചെയ്യുന്ന, പ്രാര്‍ഥനാ നിരതരായിരിക്കുന്നവരുടേതായിരുന്നു. അറിയാതെയാണെങ്കിലും, റമസാനിന്റെ ഏറ്റവും യോജിച്ച പ്രതീകം വിശുദ്ധ ഖുര്‍ആനാണെന്ന് തിരിച്ചറിയുന്നുണ്ട് എല്ലാവരും. കുട്ടികള്‍ക്ക് പോലും ഖുര്‍ആന്‍ ഓതിപ്പഠിപ്പിക്കാനും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴി പാരായണം കേള്‍പ്പിക്കാനും കൂടുതല്‍ കൂടുതല്‍ ഓതിത്തീര്‍ക്കാനുമൊക്കെ എല്ലാവരും ആവേശത്തോടെ മുന്നോട്ടുവരുന്ന കാലം.
ഇതൊരു കാട്ടിക്കൂട്ടലല്ലെന്നും സുനിശ്ചിതമായ ലക്ഷ്യങ്ങളോടെയുള്ള കര്‍മമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ആരാധനകള്‍ക്ക് ആയിരം ഇരട്ടി പ്രതിഫലം ലഭിക്കാനും സ്വര്‍ഗകവാടങ്ങള്‍ സന്തോഷത്തോടെ തുറക്കെപ്പെടാനും നരകാഗ്നിയില്‍ നിന്ന് മോചനം ലഭിക്കാനുമൊക്കെ ഈ പുണ്യമാസം സാക്ഷിയാകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വുശുദ്ധ ഖുര്‍ആന്‍ ശരീഫിന്റെ അവതരണമാണ്. ലൈലത്തുല്‍ ഖദ്‌റെന്ന ഒറ്റ രാത്രിയുടെ മോഹിപ്പിക്കുന്ന ധന്യതക്കു പിന്നിലും മറ്റൊരു കാരണമില്ല.
മഴ ഭൂമിക്ക് വസന്തമായത് പോലെ വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിക്ക് വസന്തമാണെന്ന മാലിക്ബ്‌നു ദീനാര്‍ (റ) വിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഈ വസന്തത്തിന്റെ വിലയറിഞ്ഞവര്‍ ഭാഗ്യവാന്മാര്‍. മുന്‍കാല ഇമാമുമാരും സാത്വികരായ വിശ്വാസികളുമൊക്കെ ഈ വഴിയില്‍ ഏറെ മുന്നേറി.
ഇമാം ശാഫിഈ (റ) റമസാനില്‍ ദിവസം രണ്ട് ഖത്മ് വീതം പാരായണം ചെയ്യുമായിരുന്നു. മറ്റു ഇമാമുമാരും റമസാനില്‍ കൂടുതല്‍ സമയം ചിലവഴിച്ചത് വിശുദ്ധ ഖുര്‍ആനിലായിരുന്നു. ഒരു ദിവസം കൊണ്ട് നിരവധി ഖത്മുകള്‍ പൂര്‍ത്തിയാക്കിയ മഹത്തുക്കളെക്കുറിച്ചു പറയുമ്പോള്‍ പലര്‍ക്കും അത് അവിശ്വസനീയമായി തോന്നും. സാധാരണക്കാര്‍ ഒരു മാസം കൊണ്ട് തീര്‍ക്കുന്ന ഖത്മ് ഒരു ദിവസംകൊണ്ടോ എന്ന് നെറ്റിചുളിക്കല്‍. എന്നാല്‍, ഖുര്‍ആന്‍ ശരീഫുമായി അത്ര ആത്മബന്ധമില്ലാത്തവര്‍ യാസീന്‍ ഓതിത്തീര്‍ക്കാനെടുക്കുന്ന സമയവും സ്ഥിരമായി പാരായണം ചെയ്യുന്നവര്‍ക്കുവേണ്ട സമയവും വ്യത്യാസമുണ്ടല്ലോ. പാരായണ നിയമങ്ങള്‍ പൂര്‍ണമായും അനുസരിച്ചുതന്നെ ഇത്തരക്കാര്‍ക്ക് മിനുട്ടകളേ ആവശ്യമുള്ളൂവെങ്കില്‍ മറ്റള്ളവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും.
ഒരു ഉദാഹരണം പറയാം. എന്റെ കുട്ടിക്കാലത്ത് കടലുണ്ടി, ചാലിയം ഭാഗങ്ങള്‍ പേരുകേട്ട കയര്‍ നിര്‍മാണ കേന്ദ്രങ്ങളായിരുന്നു. നിശ്ചിത സമയം പുഴവെള്ളത്തില്‍ താഴ്ത്തിവെക്കുന്ന ചകിരി പുറത്തെടുത്ത് അടിച്ച് പാകമാക്കുന്ന കാഴ്ചകള്‍ എവിടെയും. പ്രദേശത്തെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു അത്. വിദഗ്ധരായ തൊഴിലാളികള്‍ ഒരു വലിയ കെട്ട് ചകിരിയടിച്ച് കയറുണ്ടാക്കാന്‍ കുറഞ്ഞ സമയം മതി. അര മണിക്കൂറിനുള്ളില്‍ അനേകം കെട്ട് കയറുണ്ടാക്കും. എന്നാല്‍, പുതുതായി ഈ പണിക്ക് പോകുന്നവരോ ഇടക്ക് മാത്രം പോകുന്നവരോ കൂടുതല്‍ സമയമെടുക്കും.
ഇതുപോലെ തന്നെയാണ് ഏതു ജോലിയും. അനേകായിരങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കുന്ന സമര്‍ഥനായൊരു ഷെഫിന് കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാനാകും. എന്നാല്‍ പാചകവിദ്യ പരിചയമില്ലാത്തവര്‍ ഈ രംഗത്ത് പരാജയമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് അധ്യാപകനായ ഹബീബ് സഅദി തന്റെ ശിഷ്യന്മാര്‍ക്കായി പ്രത്യേക ഖത്മ് രീതി വിജയകരമായി നടത്തിവരുന്നുണ്ട്. റമസാനില്‍ മഗ്‌രിബ് മുതല്‍ സുബ്ഹി വരെയുള്ള നിസ്‌കാരങ്ങളിലായി ഒരു ഖത്മ് തീര്‍ക്കുക. ഇത് സ്ഥിരമായി ഒരു മുടക്കവുമില്ലാതെ നടന്നുവരുന്നുണ്ട്. അത്ഭുതമല്ലിത്, അനുഭസാക്ഷ്യമാണ്. ഇക്കഴിഞ്ഞ മുഹറം ഒന്‍പതിന് രാവിലെ സുബ്ഹ് നിസ്‌കാര ശേഷം തുടങ്ങി മഗ്‌രിബോടെ തന്റെ മകന്റെ ഖത്മ് മുഴുവന്‍ പരിശോധിച്ച അനുഭവം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ ഒരു രക്ഷിതാവ് വിവരിച്ചത് ഇവിടെ ഓര്‍ത്തുപോകുകയാണ്.
ഒരു ദിവസം കൊണ്ട് ഖത്മ് തീര്‍ക്കുകയെന്നത് അസാധ്യമായ കാര്യമല്ലെന്നു വ്യക്തമാക്കാനാണ് ഇത്രയം അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇങ്ങനെ ഖത്മ് തീര്‍ത്തവരുടെ ഒരു പ്രത്യേക സംഗമം റമസാന്‍ പകുതിക്കു ശേഷം സ്വലാത്ത് നഗര്‍ ഗ്രാന്റ്മസ്ജിദില്‍ നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. ഈ വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും അസാധ്യമായ കാര്യമല്ല ഇതെന്ന് തെളിയിക്കാനുമാണിത്.
ഖത്മിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം വരുന്ന സംശയം അത് അര്‍ഥമറിയാതെ ചെയ്തതു കൊണ്ട് കാര്യമുണ്ടോ എന്നാണ്. പരിശുദ്ധ ഖുര്‍ആനുമായി അടുത്ത് ബന്ധപ്പെടുകയും പാരായണം ജീവിത ചര്യയാക്കുകയും ചെയ്യുന്ന സാധാരണക്കാരെ വിഷമിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ചിലയാളുകള്‍ ഇക്കാര്യം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അര്‍ഥമറിഞ്ഞുള്ള പരായണം വളരെ നല്ലതും കൂടുതല്‍ ഫലപ്രദവുമാണ്. വിശുദ്ധ വേദത്തിന്റെ ആന്തരാര്‍ഥങ്ങളിലേക്ക് ഊളിയിട്ടുപോകാന്‍ ഭാഗ്യംസിദ്ധിച്ചവര്‍ എത്ര ധന്യരാണ്. എന്നാല്‍, അര്‍ഥം അറിയില്ലയെന്നതു കൊണ്ട് എല്ലാം നിഷ്ഫലമെന്നത് പിശാചിന്റെ ബോധനമാണ്. ഖുര്‍ആന്‍, ഉമ്മയുടെ വദനം, പുണ്യ കഅബ എന്നിവയിലേക്ക് വെറുതെയാണെങ്കിലും നോക്കിയിരുന്നാല്‍ തന്നെ അത് വലിയ കൂലിയുള്ള കാര്യമാണ്. പാരായണം കേള്‍ക്കുന്നത് പുണ്യമാണ്. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെടുന്നതിന് എല്ലാം വലിയ കൂലി തന്നെ. ഇവിടെ അര്‍ഥമറിയുമോ ഇല്ലയോ എന്നതല്ല മാനദണ്ഡം. ഇപ്പേരില്‍ നിഷ്‌കളങ്കരായ വിശ്വാസികളെ തിരുവേദത്തില്‍ നിന്നും അകറ്റരുത്. ഇതോടൊപ്പം, വിശുദ്ധവചനങ്ങളുടെ അര്‍ഥ സഹിതമുള്ള പഠനത്തിനും പാരായണത്തിനും കൂടുതല്‍ അവസരങ്ങളുണ്ടാക്കുകയും വേണം.
കുട്ടിക്കാലത്തെ മദ്‌റസാനുഭവങ്ങളില്‍ എല്ലാവര്‍ക്കും ഓര്‍ക്കാനുണ്ടാവുന്ന ഒരു കാര്യം മുസ്ഹഫ് കൊണ്ടുപോകാനുള്ള പ്രത്യേക തുണിസഞ്ചിയായിരിക്കും. മറ്റു കിതാബുകളും പുസ്തകങ്ങളും ഉണ്ടെങ്കിലും മുസ്ഹഫിനു മാത്രമായി പ്രത്യേക കവര്‍. മാത്രമല്ല, അര ഭാഗത്തു നിന്നും പൊക്കി നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് രീതി. വീട്ടിലെത്തിയാലോ, പ്രത്യേകമായ അറയോ തട്ടോ ഉണ്ടാകും സൂക്ഷിക്കാന്‍. കാല്‍ ഭാഗത്തും നേരെ പിന്‍ഭാഗത്തും വരാത്തരീതിയിലായിരുന്നു അവയുടെ സ്ഥാനം. അര്‍ഥമറിയാത്തവരെന്നും നിരക്ഷരരെന്നും കളിയാക്കുന്ന അക്കാലത്തെ ആളുകള്‍ പുണ്യഗ്രന്ഥത്തോട് കാണിച്ചിരുന്ന ബഹുമാനം ഇന്ന് ഇല്ലാതെ പോയോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തിക്കൂടാ.
തോള്‍ ബാഗുകള്‍ വരികയും പുസ്തകക്കെട്ടുകള്‍ കൂടുകയും മുസ്ഹഫിന്റെ വിവിധ തരത്തിലുള്ള കോപ്പികള്‍ വ്യാപകമാകുകയും ചെയ്തതോടെ മറ്റ് ഏത് പുസ്തകത്തെപ്പോലെയും ഒരു പുസ്തകം എന്നേ പലരും മനസ്സിലാക്കുന്നുള്ളു. പള്ളിയില്‍ വെറും നിലത്ത് വെച്ച് ഓതുന്നവരെയും കാണാം. നേരത്തെ ഉണ്ടായിരുന്ന ‘അറാല്‍’ ഇന്ന് പലപ്പോഴും ഫാഷനായി മാറിയിരിക്കുന്നു. ശൗച്യാലയത്തിലേക്ക് പോകുമ്പോള്‍ ഖുര്‍ആന്‍ പുറത്തുവെക്കാനുള്ള സൂക്ഷമത പോക്കറ്റ് ഖുര്‍ആനും ഖുര്‍ആന്‍ മൊബൈല്‍ ആപഌക്കേഷനുകളും സാര്‍വത്രികമായപ്പോള്‍ ഇല്ലാതെയായിരിക്കുന്നു.
ഈ ദുരവസ്ഥ മാറണം. ഖുര്‍ആന്‍ ശരീഫിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് പുതിയ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുക തന്നെവേണം. കുടുംബങ്ങളിലും മദ്‌റസ-സ്‌കൂളുകളിലും ഇതിനു പ്രത്യേകമായി സമയം കണ്ടെത്തണം. വിശുദ്ധ ഖുര്‍ആന്‍, അതാണ് ഈമാനിന്റെ അടിത്തറ. അതിനെ വേണ്ട വിധം ആദരിക്കാനും ബഹുമാനിക്കാനുമായില്ലെങ്കില്‍ വിശ്വാസം പൂര്‍ണമാകില്ല. ഖുര്‍ആന്‍ ക്ലാസെടുക്കുന്നവര്‍ക്കുള്ള റഫന്‍സായി മാത്രം അല്ലാഹുവിന്റെ തിരുവേദത്തെ കാണാതെ അത് നമ്മുടെയൊക്കെ ജീവിതത്തിലെ പ്രധാന ഭാഗമായി മാറണം. അത്തരമൊരു പ്രതിജ്ഞക്കുള്ള സമയമാണ് പുണ്യ റമസാന്‍.