എരിത്രിയ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് യു എന്‍

Posted on: June 9, 2016 5:07 am | Last updated: June 9, 2016 at 1:08 am

യു എന്‍: എരിത്രിയ സര്‍ക്കാര്‍ കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് യു എന്‍. മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ സര്‍ക്കാറിനെതിരെ തെളിവുണ്ടെന്ന് യു എന്‍ വ്യക്തമാക്കി. 1991ല്‍ സ്വതന്ത്രമായ ശേഷമുള്ള 25 വര്‍ഷത്തിനിടെ നാല് ലക്ഷം പേരെയാണ് ഇവിടെ അടിമകളാക്കി മാറ്റിയത്. അന്യായമായി തടങ്കലില്‍ വെക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കോടതി വിധിയോ നിയമപരമായ പിന്‍ബലമോ ഇല്ലാതെയുള്ള വധശിക്ഷകള്‍, ബലാത്സംഗങ്ങള്‍ തുടങ്ങി ക്രൂരമായ നടപടികളാണ് സര്‍ക്കാറിന്റെ പിന്തുണയോടെ നടക്കുന്നതെന്ന് യു എന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ബന്ധിത സൈനിക സേവനത്തിന് പൗരന്‍മാരെ പിടിച്ചു കൊണ്ടുപോകുന്ന സംഭവവും ഇവിടെ പതിവാണ്. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്ന് മുഖ്യ അന്വേഷകന്‍ മൈക്ക് സ്മിത്ത് പറഞ്ഞു. രാജ്യം വിടുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതോടെ പലായനവും അസാധ്യമായിരിക്കുകയാണ്. വ്യോമ സേനാ മേധാവിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലേക്ക് നൂറ് കണക്കിനാളുകളെ ഗ്രാമങ്ങളില്‍ നിന്ന് പിടിച്ചു കൊണ്ടുപോയിട്ടുണ്ടെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
എന്നാല്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇതെന്ന് എരിത്രിയ വാര്‍ത്താ വിനിമയ മന്ത്രി യെമാനി ജി മെസ്‌കല്‍ പ്രതികരിച്ചു. സി ഒ ഐയെ ഒരു നീതിന്യായ സമിതിയായി കാണാനാകില്ല. കൃത്യത, ലക്ഷ്യബോധം, നിഷ്പക്ഷത തുടങ്ങിയ മാനദണ്ഡങ്ങളൊന്നും സമിതി പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.