കൈയേറിയ കാത്തിരിപ്പ് കേന്ദ്രം തിരിച്ച് പിടിക്കാന്‍ നഗരസഭ

Posted on: June 8, 2016 9:18 am | Last updated: June 8, 2016 at 9:18 am

പാലക്കാട്: സ്റ്റേഡിയം-ഐഎം എ ബൈപാസില്‍ ശുചിമുറി മാലിന്യം നീക്കുന്ന വാഹനക്കാര്‍ കൈയേറിയ ബസ് ബേയും കാത്തിരിപ്പുകേന്ദ്രവും തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കുന്നു.
ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. വാഹനങ്ങള്‍ നീക്കേണ്ടതു നഗരസഭയാണെങ്കിലും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസും വ്യക്തമാക്കി. ബസ് ബേയോടു ചേര്‍ന്നുള്ള കാത്തിരിപ്പുകേന്ദ്രത്തിന്റെ പണി പൂര്‍ത്തിയായാലുടന്‍ ബസ് സ്റ്റോപ്പ് അവിടേക്കു മാറ്റാന്‍ നടപടി സ്വീകരിക്കും. ബൈപാസില്‍ ഇപ്പോഴുള്ള ബസ് സ്റ്റോപ്പുകള്‍ സ്ഥലസൗകര്യം കൂടി നോക്കി ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന നിര്‍ദേശവും പോലീസ് പരിഗണിക്കുന്നുണ്ട്.
ഈ റോഡില്‍ നിര്‍ത്തിയിടുന്ന ശുചിമുറി വാഹനങ്ങള്‍ അവിടെ നിന്നു നീക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ഒട്ടേറെത്തവണ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ചിലര്‍ ഈ തീരുമാനത്തെ രഹസ്യമായി എതിര്‍ക്കുന്നെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതും ശക്തമായ നടപടിക്ക് ഉദ്യോഗസ്ഥര്‍ക്കു തടസമാകുന്നുണ്ട്. നഗരത്തില്‍ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ഇത്തരം വാഹനങ്ങള്‍ മാറ്റണമെന്നാണു നിര്‍ദേശം. ഉദ്യോഗസ്ഥരുടെ തുടര്‍ പരിശോധന ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാനാകൂ. ഇല്ലെങ്കില്‍ ശുചിമുറി മാലിന്യങ്ങള്‍ അവിടത്തന്നെ തള്ളുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സ്റ്റേഡിയം ബൈപാസില്‍ നിര്‍ത്തിയിടുന്ന മാലിന്യ വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് മറ്റു വിധത്തിലും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.