108 ആംബുലന്‍സുകളുടെ സൈറണ്‍ നിലക്കുന്നു

Posted on: June 8, 2016 5:29 am | Last updated: June 8, 2016 at 12:30 am

തിരുവനന്തപുരം: അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട 108 ആംബുലന്‍സുകള്‍ക്ക് മരണമണി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിച്ച് വര്‍ക്ക്‌ഷോപ്പില്‍ കയറുന്ന ആംബുലന്‍സുകളൊന്നും തിരിച്ചിറങ്ങുന്നില്ല. രണ്ട് മാസം മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സുകളോരോന്നായി കൊച്ചുവേളിയിലെ സ്വകാര്യ വര്‍ക്ക്‌ഷോപ്പില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അവയിലൊന്നും തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ പ്രവേശിപ്പിച്ചതിനാല്‍ ദിവസ വേതനക്കാരായ ജീവനക്കരുടെ ശമ്പളവും നിലച്ചു. പലര്‍ക്കും മാസങ്ങളായി ശമ്പളം ഇല്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്ന 25 ആംബുലന്‍സുകളില്‍ 16 എണ്ണവും കൊച്ചുവേളിയിലെ വര്‍ക്ക്‌ഷോപ്പിലാണ്. ആലപ്പുഴ ജില്ലയിലാകട്ടെ, സര്‍വീസ് നടത്തിവന്ന 18 ആംബുലന്‍സുകളില്‍ എട്ടെണ്ണമാണ് വര്‍ക്‌ഷോപ്പിലുള്ളത്. ശേഷിക്കുന്നവയും താമസിയാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി വര്‍ക്‌ഷോപ്പില്‍ കയറും. ഇതോടെ 108 ആംബുലന്‍സുകളുടെ സര്‍വീസ് തന്നെ നിലക്കുന്ന അവസ്ഥയിലേക്കെത്തും.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇത്രയും വാഹനങ്ങള്‍ ഒറ്റ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതും വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് കാലതാമസം ഉണ്ടാക്കും.
2010ല്‍ എല്‍ ഡി എഫ സര്‍ക്കാറാണ് 108 ആംബുലന്‍സ് സര്‍വീസ് നടപ്പിലാക്കിയത്. പൈലറ്റ് പ്രൊജക്ടായി തലസ്ഥാന ജില്ലയില്‍ ആരംഭിച്ച പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴയിലേക്കും വ്യാപിപ്പിച്ചു. സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതി പെട്ടെന്നുതന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു. കരാര്‍ നല്‍കിയിരുന്ന രണ്ട് കമ്പനികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ 2015 ജൂണ്‍ 15 മുതല്‍ 108 സര്‍വീസ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്ത് നടത്താന്‍ തുടങ്ങി. കെ എം എസ് സി എല്ലിനും നാഷനല്‍ ഹെല്‍ത്ത് മിഷനുമായിരുന്നു നടത്തിപ്പ് ചുമതല. എന്നാല്‍, ഇതിന് ശേഷം ആംബുലന്‍സുകളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാതെയായി. പല ആംബുലന്‍സുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചപറ്റിയതായും ആക്ഷേപം ഉയര്‍ന്നിരുന്നു.