അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

Posted on: June 6, 2016 3:44 pm | Last updated: June 7, 2016 at 9:13 am
SHARE

pk kunjalikkutti with adoor prakashമൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ മുന്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭൂമി ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

നേരത്തെ വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തള്ളി ഇരുമന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ജഡ്ജി പി മാധവന്‍ വിധിച്ചത്. കേസില്‍ സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിനു ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കി സര്‍ക്കാര്‍ മിച്ചഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ മുന്‍ മന്ത്രിമാരടക്കം നാലു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞാഴ്ച വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാര്‍ക്കൊപ്പം സന്തോഷ് മാധവന്‍, ആര്‍എംഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കമ്പനി എംഡി ബി.എം. ജയശങ്കര്‍ എന്നിവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു കോടതി നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ നടപടി വിവാദമായിരുന്നു. 118 ഏക്കര്‍ 118 ഏക്കര്‍ ഭൂമി സ്യകാര്യ കമ്പനിക്ക് നല്‍കാനാണ് ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം. ഉത്തരവ് വിവാദമായതിനാല്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സന്തോഷ് മാധവനെ ഇടനിലക്കാരനാക്കി നടത്തിയ ഭൂമി ഇടപാടില്‍ അഴിമതിയാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here