വെള്ളാപ്പള്ളിക്ക് പിന്നാലെ പിണറായിയെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രവും

Posted on: June 5, 2016 12:37 am | Last updated: June 5, 2016 at 12:37 am
SHARE

കോട്ടയം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം മുഖപത്രവും.
എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ പുതിയ ലക്കത്തില്‍ പിണറായി വിജയനെ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി മുഖപ്രസംഗമെഴുതിയിരുന്നു. ഇതിനു പിറകെയാണ് കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയും രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ ലേഖനം കേസുകളില്‍ നിന്ന് തലയൂരാനുള്ള തന്ത്രമാണെന്നായിരുന്നു വിലയിരുത്തല്‍. പിണറായി വിജയന്‍ അനുഭവസമ്പന്നനും പക്വമതിയുമായ നേതാവാണെന്നും മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമകരമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയുടെ ജൂണ്‍ ലക്കത്തിലെ മുഖമൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ആദ്യ ചുവടുവെപ്പുകളെല്ലാം അഭിനന്ദനാര്‍ഹമാണ്. മുന്‍ഗാമി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ്ഹൗസില്‍ ചെന്നു കണ്ടത്, പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ എതിരാളി വി എസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസിലെത്തി സന്ദര്‍ശിച്ചത്, ബി ജെ പി നേതാവ് ഒ രാജഗോപാലിനെ എ കെ ജി സെന്ററില്‍ സ്വീകരിച്ചതും ഗൗരിയമ്മയെ അവരുടെ വീട്ടിലെത്തി മധുരം നല്‍കി ആദരിച്ചതുമെല്ലാം നന്നായി. സമവായത്തിന്റെ സന്ദേശമാണദ്ദേഹം ഇതുവഴി കേരളത്തിനു നല്‍കുന്നതെന്നും പറഞ്ഞ് കേരള കോണ്‍ഗ്രസ് മുഖപത്രം പിണറായിയെ വാനോളം പുകഴ്ത്തുന്നു. സര്‍ക്കാറിന്റെ ജനപക്ഷ നിലപാടുകളോടു പൂര്‍ണമായി ഞങ്ങള്‍ യോജിക്കും. അതേസമയം, സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികളെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ എതിര്‍ക്കുമെന്നും ലേഖനത്തില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും ജനവിധി അംഗീകരിക്കുന്നു. എങ്കിലും തോറ്റവര്‍ക്കു ചില്ലറ പരാതികളൊക്കെയുണ്ടാകും. പരാജയത്തിനു കാരണം മറ്റു ചില ഘടകങ്ങളും ചില വ്യക്തികളുമാണ് എന്നൊക്കെ കണ്ടെത്തി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതു ജനാധിപത്യപരമായ പക്വതയില്ലായ്മയുടെ ലക്ഷണമാണ്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന ഭൂമിയിടപാട് അടക്കമുള്ള നിയമവിരുദ്ധ വിവാദ തീരുമാനങ്ങളില്‍ കര്‍ശന നടപടികള്‍ക്ക് പിണറായി സര്‍ക്കാര്‍ ആലോചനകള്‍ നടത്തുന്ന വേളയിലാണ് കേരള കോണ്‍ഗ്രസ് മുഖപത്രത്തിലൂടെ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത്. കെ എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ വിവാദങ്ങളില്‍ പുതിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കടുത്ത നടപടികള്‍ എടുത്തേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതും കേരള കോണ്‍ഗ്രസിന് നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here