കടല്‍ക്കൊല കേസ്: ഇറ്റാലിയന്‍ നാവികന് ഇറ്റലിയില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

Posted on: May 26, 2016 1:37 pm | Last updated: June 4, 2016 at 10:02 am

italian marineന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വൊത്തോറ ജിറോണിന് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി. ജിറോണിന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു. അന്താരാഷ്ട്രതലത്തില്‍ കേസ് തീര്‍പ്പാക്കുന്നതുവരെ നാവികന് നാട്ടില്‍ തുടരാം. നാട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്ന ജിറോണിന്റെ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

നാവികന്റെ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തില്ല. മാനുഷിക പരിഗണന നല്‍കണമെന്നായിരുന്നു കോടതിയില്‍ കേന്ദ്രനിലപാട്.ജര്‍മ്മനിയിലെ അന്താരാഷ്ട്ര കടല്‍ നിയമ തര്‍ക്ക െ്രെടബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര മദ്ധ്യസ്ഥ െ്രെടബ്യൂണല്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജിറോണ്‍ പുതിയ ഹരജി നല്‍കിയത്. അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധി വന്നാല്‍ തിരിച്ചുവരുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ രേഖാമൂലം എഴുതി നല്‍കണമെന്നും നാവികന്റെ പാസ്‌പോര്‍ട്ട് ഇറ്റലിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീം കോടതി അനുമതി.
നിലവില്‍ ജിറോണ്‍ ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്. കേസില്‍ പ്രതിയായ മറ്റൊരു നാവികന്‍ മാസിമിലിയാനോ ലാത്തോറെയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇറ്റലിയില്‍ കഴിയാന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞമാസം ഇയാളുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടി നല്‍കിയിരുന്നു.

2012 ഫെബ്രുവരിയില്‍ കൊല്ലം തീരത്തിനടുത്ത് ഇന്ത്യന്‍ സമുദ്രാദിര്‍ത്തിയില്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലായ എന്റിക ലക്‌സിയിലെ നാവികള്‍ വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മാസിമിലാനോ ലത്തോറെ, സാല്‍വത്തോറ ഗിറോണ്‍ എന്നീ രണ്ട് നാവികരെ തുടര്‍ന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്തതും വിചാരണയും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെ ഉലച്ചിരുന്നു. കേസില്‍ വിചാരണ നടപടികള്‍ കടല്‍ നിയമം കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര െ്രെടബ്യൂണല്‍ സ്‌റ്റേ ചെയ്തിരുന്നു.