പഴയ എ സികള്‍ നിരോധിക്കുന്നതിന്റെ സമയപരിധി ദീര്‍ഘിപ്പിക്കില്ല

Posted on: May 24, 2016 9:41 pm | Last updated: May 24, 2016 at 9:41 pm

ദോഹ: പഴയ എ സികള്‍ക്കുള്ള ഇറക്കുമതി നിരോധം നീട്ടില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ തന്നെ നിരോധം നടപ്പാക്കും. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് ചില വ്യാപാരികള്‍ രേഖാമൂലം അടക്കം ആവശ്യം ഉന്നയിച്ചിരുന്നു. പഴയ എ സികളുടെ വലിയ ശേഖരം ഉള്ളതിനാലാണിത്. കഴിഞ്ഞ നവംബറില്‍ ആണ് പഴയ എ സികള്‍ ഇറക്കുമതി ചെയ്യുന്നതിനും വില്‍ക്കുന്നതിനും ജൂലൈ ഒന്ന് മുതല്‍ നിരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
കഹ്‌റമ, വാണിജ്യ മന്ത്രാലയം, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്‌പെസിഫിക്കേഷന്‍സ് എന്നിവ സംയുക്തമായാണ് ഈ തീരുമാനമെടുത്തത് എന്നതിനാല്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് സ്വന്തമായി ഇളവ് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മാത്രമല്ല, രണ്ട് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്ക് സൂചന നല്‍കിയിരുന്നതുമാണ്. വാണിജ്യ മന്ത്രാലയത്തില്‍ ഊര്‍ജക്ഷമതയുള്ള എ സികളുടെ 22 ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്കിട്ടുണ്ട്. ഖത്വര്‍- ജി സി സി മാനദണ്ഡങ്ങളോട് യോജിക്കുന്ന രീതിയില്‍ എ സി വിതരണം ചെയ്യുന്നതിന് പതിനൊന്ന് ഇറക്കുമതി കമ്പനികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള പഴയ എ സികള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി രണ്ടാഴ്ചക്കുള്ളില്‍ നിരവധി നിര്‍മാണ കമ്പനികളുടെ പ്രതിനിധികളും വിതരണക്കാരും സമീപിച്ചതായി വാണിജ്യ മന്ത്രാലയത്തിലെ ഖത്വര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ക്യു എസ്) നേരത്തെ അറിയിച്ചിരുന്നു. ജപ്പാന്‍, ചൈന, കൊറിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ് നിര്‍മാണ കമ്പനികള്‍. മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിര്‍മാണകമ്പനിയുടെ അംഗീകൃത പ്രതിനിധിയോ എ സിയുടെ മൂലരൂപം നിശ്ചിത ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്നതിന് ഒരു മാസം മുമ്പ്, എ സിയുടെ സ്റ്റാറുകളുടെ എണ്ണം അറ്റസ്റ്റ് ചെയ്ത് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഊര്‍ജക്ഷമതയുള്ള എ സിക്ക് പഴയതിനേക്കാള്‍ ചെലവ് കൂടുമെങ്കിലും വൈദ്യുതി ചെലവ് കുറവാണ്.
ആറ് സ്റ്റാറുകളുള്ള രണ്ട് മോഡലുകളാണ് മന്ത്രാലയം അംഗീകരിച്ചത്. ഊര്‍ജകാര്യക്ഷമത നിരക്ക് മണിക്കൂറില്‍ 8.5 ബി ടി യു കുറയരുത്. സിംഗിള്‍ ഫേസിന് 240 വോള്‍ട്ടും ത്രീ ഫേസിന് 415 വോള്‍ട്ടും ഫ്രീക്വന്‍സി 50 ഹെഡ്‌സും ആയിരിക്കണം. പെട്ടെന്ന് പറിച്ചെടുക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ഊര്‍ജക്ഷമതാ ലേബല്‍ ആവശ്യമാണ്. മുന്‍ഭാഗത്ത് കാണുന്ന തരത്തില്‍ വെക്കേണ്ട ഈ ലേബലില്‍ നക്ഷത്രങ്ങളുടെ എണ്ണം വേണം. ഐ എസ് ഒ 17025 ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലത്തിന്റെ യഥാര്‍ഥ റിപ്പോര്‍ട്ടും ഐ ഇ സി ഇ ഇ സി ബി സ്‌കീം പ്രകാരമുലഅള അംഗീകൃത സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. അംഗീകാരം ലഭിച്ചാല്‍ വില്‍പ്പനക്ക് വെക്കുന്നതിന് മുമ്പ് ഊര്‍ജക്ഷമത ലേബല്‍ വെക്കാന്‍ നിര്‍മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ക്യു എസ് അനുമതി നല്‍കുന്നതാണ്.
ജൂലൈ ഒന്നിന് ശേഷം പഴയ എ സികളുടെ ഇറക്കുമതി, വ്യാപാരം, പ്രദര്‍ശനം, സംഭരണം എന്നിവ പാടില്ല.