എന്‍സിപി മന്ത്രിപദം വീതംവെക്കും; ആദ്യ രണ്ടര വര്‍ഷം എകെ ശശീന്ദ്രന്‍

Posted on: May 23, 2016 10:31 pm | Last updated: May 25, 2016 at 9:21 am

ncp ministersതിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രി പദവി വീതം വെക്കാന്‍ എന്‍സിപി തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം എ കെ ശശീന്ദ്രനും ശേഷിക്കുന്ന രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിയാകും. മന്ത്രിപദവിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് ഈ ഫോര്‍മുല മുന്നോട്ടുവെച്ചത്. എ കെ ശശീന്ദ്രന്‍ എലത്തൂരില്‍ നിന്നും തോമസ് ചാണ്ടി കുട്ടനാട്ടില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.

എന്‍സിപി മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതോടെ എല്‍ഡിഎഫ് മന്ത്രിസഭയിലെ 19 മന്ത്രിമാരില്‍ 18 പേരുടെ കാര്യത്തില്‍ വ്യക്തതയായി. ജനതാദള്‍ എസിന്റെ മന്ത്രി ആരെന്ന കാര്യത്തിലാണ് ഇനി തീരുമാനം വരാനുള്ളത്. ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.