കണ്ണൂരിലെ തോല്‍വിക്ക് കാരണം കെപിസിസിയുടെ അനങ്ങാപ്പാറ നയമെന്ന് കെ സുധാകരന്‍

Posted on: May 21, 2016 3:03 pm | Last updated: May 21, 2016 at 3:03 pm

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ നേത്യത്വത്തെ വിമര്‍ശിച്ച് കെ സുധാകരന്‍ രംഗത്ത്. സര്‍ക്കാരിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായെന്ന് കെ സുധാകരന്‍ പറഞ്ഞു. ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും നേതൃത്വവും പരാജയപ്പെട്ടു. കെപിസിസിയുടെ അനങ്ങാപ്പറ നയമാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമായത്.സതീശന്‍ പാച്ചേനിയുടെ തോല്‍വി ഞെട്ടിച്ചെന്നും ഹിത പരിശോധന നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

തെരെഞ്ഞെടുപ്പ് നയിക്കാന്‍ ഒരു നായകന്‍ ഇല്ലാത്തതാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് സതീശന്‍ പാച്ചേനി രംഗത്തെത്തിയിരുന്നു.കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ 6443 വോട്ടിന് എപി അബ്ദുള്ളക്കുട്ടി വിജയിച്ച മണ്ഡലത്തിലാണ് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത്. കടന്നപ്പള്ളിയോട് 1196 വോട്ടിന് പരാജയപ്പെട്ടതിന് മുഖ്യകാരണം അടിത്തട്ടില്‍ പ്രവര്‍ത്തനം നടക്കാത്തതാണെന്ന് പാച്ചേനി ആരോപിച്ചു.