Connect with us

Editorial

തമിഴ്‌നാട്, ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം

Published

|

Last Updated

ഭരണത്തുടര്‍ച്ചക്കാണ് ഇത്തവണ തമിഴ്‌നാട്ടുകാരും പശ്ചിമബംഗാള്‍ ജനതയും വോട്ട് ചെയ്തത്. ബംഗാളില്‍ എക്‌സിറ്റ്‌പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍വിജയം പ്രതീക്ഷിതമായിരുന്നുവെങ്കിലും ജയലളിതയുടെ എ ഐ എ ഡി ഐ കെ ഒറ്റക്ക് അധികാരത്തിലേറിയത് അപ്രതീക്ഷിതമായിരുന്നു. ആക്‌സിസ് മൈ ഇന്ത്യ ഡി എം കെ120-40സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചിച്ചിരുന്നത്. കൂടുതല്‍ സീറ്റ് നേടി എ ഐ ഡി എം കെ വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു മറ്റു സര്‍വേകള്‍. എന്നാല്‍ 232 അംഗനിയമസഭയില്‍ 134 സീറ്റുകള്‍ കൈപ്പിടിയിലൊതുക്കി വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കയാണ് “തലൈവി”. മുഖ്യഎതിരാളികളായ ഡി എം കെ-കോണ്‍ഗ്രസ് സഖ്യത്തിന് 98 സീറ്റുകളാണുള്ളത്. വിജയകാന്തിന്റെ ഡി എം ഡി കെയും വൈകോയുടെ എ ഡി എം കെയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് രൂപവത്കരിച്ച മുന്നണി ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞു.
മൂന്നര പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച. ഇടക്കാലത്ത് അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടിവന്നിട്ടും തനിച്ചു മത്സരിച്ചു ഭരണത്തിലേറാനായത് ജയലളിതക്ക് വന്‍ രാഷ്ട്രീയ നേട്ടമാണ്. സ്ത്രീവിഭാഗത്തിന്റെ ഉറച്ച പിന്തുണയാണ് അവരുടെ വിജയത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ വിലക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്റീന്‍, അമ്മ കുടിവെള്ളം, അമ്മ സിമന്റ് തുടങ്ങി പാവപ്പെട്ടവരെയും നിര്‍ദനരെയും ആകര്‍ഷിക്കുന്ന പദ്ധതികള്‍ അവര്‍ക്ക് തുണയായി. ഡി എം കെയെ കരുണാനിധി കുടുംബ സ്വത്താക്കി വെച്ചിരിക്കുകയാണെന്ന ജയയുടെ ആരോപണവും സ്വാധീനിച്ചിരിക്കാം. ആറാം തവണയാണിപ്പോള്‍ ജയലളിത മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്.
ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍തിരിച്ചടിയാണ് ഫലം. ഇരുപാര്‍ട്ടികളും ചേര്‍ന്ന് എതിര്‍ത്തിട്ടും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷത്തേക്കാല്‍ 29 സീറ്റുകള്‍ അധികം നേടി. 294 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ 184 സീറ്റുണ്ടായിരുന്ന തൃണമൂലിന്റെ അംഗബലം ഇത്തവണ 211 ആയി ഉയര്‍ന്നു. ബനാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മമതാബാര്‍ജി വിജയിച്ചത് രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ശാരദാചിട്ടി തട്ടിപ്പ,് രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തുടങ്ങിയ ആരോപണങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി ഈ കരുത്ത് കൈവരിച്ചത്. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളില്‍ 124 എണ്ണത്തിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. ഇവരെ സ്വാധീനിക്കാന്‍ കഴിഞ്ഞതാണ് തൃണമൂല്‍ മുന്നേറ്റത്തിന്റെ മുഖ്യ ഘടകമെന്നാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസും ഇടത് സഖ്യവും ചേര്‍ന്ന കൂട്ടുകെട്ടിന് നേടാനായത് 77 സീറ്റാണ്. കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷത്തെ 42 സീറ്റ് 44ലേക്ക് ഉയര്‍ത്തി നില അല്‍പ്പം മെച്ചപ്പെടുത്തിയപ്പോള്‍ ഇടത് സഖ്യം 33 ലേക്ക് താഴുകയാണുണ്ടായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32 സീറ്റ് കുറഞ്ഞു.
മൂന്നര പതിറ്റാണ്ടോളം തുടര്‍ച്ചയായി ഭരിച്ച സി പി എമ്മില്‍ നിന്ന് 2011ലെ തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 220 മണ്ഡലങ്ങളില്‍ തൃണമൂലിന് മേല്‍ക്കൈയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഒറ്റക്ക് മത്സരിച്ചാല്‍ നില വീണ്ടും പരുങ്ങലിലാകുമെന്ന് മനസ്സിലാക്കിയാണ് കോണ്‍ഗ്രസുമായി സഖ്യത്തിന് ഇടതുപക്ഷം തീരുമാനച്ചത്. സി പിഎം പോളിറ്റ്ബ്യൂറോ തുടക്കത്തില്‍ ഈ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സി പി എം കേരള ഘടകവും ശക്തിയായി എതിര്‍ത്തു. ബംഗാള്‍ ഘടകത്തിന് നിര്‍ബന്ധത്തിന് വഴങ്ങി പരസ്യമായ സഖ്യം വേണ്ടെന്നും നീക്കുപോക്കുകള്‍ മതിയെന്നുമുള്ള നിബന്ധനയോടെയാണ് അവസാനം പി ബി അനുമതി നല്‍കിയത്. എന്നാല്‍ പ്രചാരണം മുറുകിയപ്പോള്‍ പരസ്യമായ സഖ്യമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തുന്നത്.
കോണ്‍ഗ്രസും സി പി എമ്മും ഒറ്റക്കെട്ടായി മത്സരിച്ചത് ബി ജെ പിയുടെ മുന്നേറ്റം തടഞ്ഞു നിര്‍ത്താന്‍ സഹായകമായിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മൂന്നില്‍ നിന്ന് സീറ്റുകളുടെ എണ്ണം എണ്ണം ഏഴിലേക്ക് ഉയര്‍ത്തിയെങ്കിലും, വോട്ടിംഗ് ശതമാനം 2011ലെ ആറില്‍ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16.89 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നത് ഈ തിരഞ്ഞെടുപ്പില്‍ 10.2 ശതമാനത്തിലേക്ക് ഇടിയുകയാണുണ്ടായത്. ഡല്‍ഹി, ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളില്‍ ഏതുവിധേനയും നില കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന തീരുമാനത്തില്‍ ശക്തമായ പ്രചാരണമാണ് ബംഗാളില്‍ പാര്‍ട്ടി നടത്തിയിരുന്നത്. സ്ഥിരം തുരുപ്പുചീട്ടായ ഹിന്ദുത്വ വര്‍ഗീയതയും അവിടെ നന്നായി പ്രയോഗിച്ചിരുന്നു. അതൊന്നും പക്ഷേ, ഫലം കണ്ടില്ല. അസമിലേത് മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ആശ്വാസമേകുന്ന ഏക വിജയം.