പുതു ബാന്ധവത്തിന് മീതെ മമതയുടെ തൃണമൂല്‍

Posted on: May 20, 2016 10:01 am | Last updated: May 20, 2016 at 10:01 am

mamathaകൊല്‍ക്കത്ത: അടിത്തറയിളകിയ സി പി എം, കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ശ്രമങ്ങളെ തകര്‍ത്തെറിഞ്ഞ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം വട്ടവും പശ്ചിമ ബംഗാളില്‍ അധികാരത്തിലേക്ക്. 2011ലെ 184 എന്ന അംഗബലവും കടന്ന് പ്രതിപക്ഷം എന്ന വിഭാഗത്തെ തന്നെ അപ്രസക്തമാക്കുന്ന വിജയമാണ് മമത നേടിയിരിക്കുന്നത്.

ഇടതിനൊപ്പം കൈചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും സി പി എമ്മിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ഇരുതോളം സീറ്റുകളില്‍ മാത്രമാണ് ഇടത് പാര്‍ട്ടികള്‍ക്ക് വിജയിക്കാനായത്. സി പി ഐ, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവര്‍ക്കും മമതയുടെ വേരോട്ടത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.

കോണ്‍ഗ്രസാകട്ടെ 2006ലെ 21ല്‍ നിന്ന് 44ലേക്ക് ഉയരുകയും ചെയ്തു. 2011ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ 42 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. മൂന്നിലേക്ക് ബി ജെ പിയും വളര്‍ന്നു.
30 വര്‍ഷത്തോളം അധികാരത്തിലിരുന്ന ശേഷം മമതക്ക് മുന്നില്‍ മുട്ടുമടക്കി അധികാരത്തിന് വെളിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമിരുന്ന സി പി എമ്മിന് തിരിച്ചുവരാനുള്ള ഒരു പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസുമായുള്ള അനൗപചാരിക സഖ്യം. പക്ഷേ, ജനം അത് അംഗീകരിച്ചില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഗ്രാമനഗര ഭേദമെന്യേ ഇടത് പാര്‍ട്ടികള്‍ക്ക് ഇത്തവണയും അടിത്തറയിളകി. മമതക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ന്ന ശാരദ ചിട്ടി പോലുള്ള അഴിമതി ആരോപണങ്ങളും നാരദ ഒളിക്യാമറ നീക്കങ്ങളും പ്രചാരണായുധമാക്കിയാണ് ഇടത്- കോണ്‍ഗ്രസ് സഖ്യം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പക്ഷേ, ഇതൊന്നും അനുകൂല വോട്ടുകളാക്കി മാറ്റാന്‍ അവര്‍ക്കായില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമ്പോള്‍ നാല്‍പ്പത് വര്‍ഷം മുമ്പത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രം കൂടി മമത തിരുത്തുകയാണ്. 1972ല്‍ സിദ്ധാര്‍ഥ ശങ്കര്‍ റായിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒറ്റക്കക്ഷി ഭരണത്തിലേക്ക് പശ്ചിമ ബംഗാളിനെ കൊണ്ടുവന്നിരുന്നു.

അതിനെ വല്ലുന്ന ഭൂരിപക്ഷത്തോടെയാണ് ഇത്തവണ മമത ബാനര്‍ജി നേടിയിരിക്കുന്നത്. ഇടതിനെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി 2011ല്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ മറുകണ്ടം ചേര്‍ന്നപ്പോഴും മമത കുലുങ്ങിയില്ല. 34 വര്‍ഷത്തെ സി പി എം ആധിപത്യം തകര്‍ത്ത ശക്തി ഒട്ടും ചോര്‍ന്നില്ലെന്ന് തെളിയിക്കുന്ന ഫലം തന്നെയാണ് അവര്‍ നേടിയത്. തൃണമൂല്‍ അംഗങ്ങള്‍ ഇന്ന് യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും, സര്‍ക്കാര്‍ ഈ മാസം 27ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും മമത അറിയിച്ചു.