Connect with us

National

ഗോധ്ര ട്രെയിന്‍ തീവെയ്പ്പു സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ പതിനാല് വര്‍ഷത്തിന് ശേഷം പിടിയില്‍

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോധ്ര ട്രെയിന്‍ തീവെയ്പ്പ് കേസിലെ മുഖ്യ സൂത്രധാരന്‍ ഫാറൂഖ് ഭാന പിടിയിലായി. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ പതിനാല് വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. സെന്‍ട്രല്‍ ഗുജറാത്തിലെ കലോല്‍ നകയില്‍ നിന്നാണ് ഫാറൂഖ് പിടിയിലായത്. ഗുജറാത്ത് ഭീകരവാദ വിരുദ്ധ സേന(എടിഎസ്്)ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന 2002 ഫെബ്രുവരി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.
രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ട്രെയിന്‍ തീവെപ്പ് നടന്നത് 2002 ഫെബ്രുവരി 27നായിരുന്നു. ഒരു സംഘം ആളുകള്‍ സബര്‍മതി എക്‌സ്പ്രസ് ആക്രമിച്ച് തീവെക്കുകയായിരുന്നു. തീവെപ്പില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 59 ആളുകളാണ് മരിച്ചത്. മരിച്ചവരില്‍ അധികവും അയോധ്യയില്‍ നിന്ന് ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്ന കര്‍സേവകരായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ 1200 ആളുകളാണ് കൊല്ലപ്പെട്ടത്.
ട്രെയിന്‍ തീവെച്ച കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി 2011ല്‍ 31 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. ഫാറൂഖ് ഭാന ഉള്‍പ്പടെ ആറ് പേരെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.