പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കനത്ത പിഴ ഈടാക്കും

Posted on: May 18, 2016 7:08 pm | Last updated: May 20, 2016 at 7:46 pm

ദോഹ: തുറസ്സല്ലാത്ത പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിന് ശക്തമായ ശിക്ഷ നല്‍കുന്ന പുകയിലവിരുദ്ധ കരട് നിയമം ശൂറ കൗണ്‍സില്‍ അംഗീകരിച്ചു. പുകയില ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഉപയോഗവും നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ നിയമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇലക്‌ട്രോണിക് സിഗരറ്റ്, മറ്റ് ചവക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിയമം നിരോധിക്കുന്നു.
തുറസ്സല്ലാത്ത പൊതു ഇടങ്ങളില്‍ പുകവലിക്കുന്നതും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും 3000 ഖത്വര്‍ റിയാലില്‍ കുറയാത്ത പിഴ ഒടുക്കേണ്ട കുറ്റമാകും. അത്തരം ഇടങ്ങളില്‍ പുകവലിക്കാന്‍ അനുവദിക്കുന്നവരും സമാന പിഴ ഒടുക്കണം. നിയമം ലംഘിച്ചാല്‍ പുകയില ഉത്പന്നങ്ങള്‍ കണ്ടുകെട്ടുന്നതിനും നശിപ്പിക്കുന്നതിനും തിരിച്ചയക്കുന്നതിനും കോടതിക്ക് ഉത്തരവ് നല്‍കാനാകും. ഷോപ്പുകള്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിലേക്ക് അടപ്പിക്കും. ഇതിന്റെ പരസ്യം സ്വന്തം ചെലവില്‍ രണ്ട് പ്രാദേശിക പത്രങ്ങളില്‍ കൊടുക്കണം.
പുകയില ഉത്പന്നങ്ങളുടെ കസ്റ്റംസ് ഫീസില്‍ അഞ്ച് ശതമാനം ആരോഗ്യ ബോധവത്കരണ പരിപാടികള്‍ക്ക് കൊടുക്കണം. സിഗരറ്റുകളും മറ്റ് അനുവദനീയ പുകയില ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ ഷിപ്‌മെന്റ് എത്തുന്നതിന് ഒരാഴ്ച മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. മന്ത്രാലയം അധികൃതര്‍ ഷിപ്‌മെന്റ് പരിശോധിക്കും.
ബന്ധപ്പെട്ട അധികൃതരുടെ രേഖാമൂലമുള്ള അനുമതി കൂടാതെ പുകയില ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ല. സിഗരറ്റിലെ നിക്കോട്ടിന്റെ അനുവദനീയ അളവ് സംബന്ധിച്ച് ആരോഗ്യ മന്ത്രി അറിയിപ്പ് നല്‍കും. സിഗരറ്റ്/ പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിലും ബോക്‌സിലും കാലാവധി തീയതിയും ആരോഗ്യ മുന്നറിയിപ്പും നല്‍കണം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സിഗരറ്റോ പുകയില ഉത്പന്നങ്ങളോ വില്‍ക്കുന്നതും നിയമം നിരോധിക്കുന്നു.
സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും സംബന്ധിച്ച പരസ്യങ്ങളും പാടില്ല. സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ, ട്രെയിനിംഗ് സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാനും പാടില്ല.