ഒളിഞ്ഞുനോക്കല്‍ വിവാദം: ആഭ്യന്തരമന്ത്രിയുടെ ഗൂഢാലോചനയാണെന്ന് ജി.സുധാകരന്‍

Posted on: May 18, 2016 6:45 pm | Last updated: May 18, 2016 at 6:45 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഭാര്യയും വോട്ടുചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ വിശദീകരണവുമായി അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍. വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയാണെന്നും, സംഭവം പോലീസ് അന്വേഷിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ജി സുധാകരന്‍ ആരോപിച്ചു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

സംഭവത്തില്‍ ജി. സുധാകരനെതിരെ പുന്നപ്ര പോലീസ് കേസെടുത്തിരുന്നു. പോളിംഗ് ബൂത്തില്‍ മോശമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി.ഹാരിസും ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജുമാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണത്തിനു കലക്ടര്‍ ആര്‍. ഗിരിജ ഉത്തരവിട്ടിരുന്നു.