വോട്ടിന്റെ രാഷ്ട്രീയം പറഞ്ഞ് താരങ്ങള്‍

Posted on: May 17, 2016 5:57 am | Last updated: May 17, 2016 at 12:57 am

കൊച്ചി: വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് താന്‍ വോട്ടു രേഖപ്പെടുത്തിയതെന്ന് വോട്ടവകാശം വിനിയോഗിച്ച ശേഷം ചലച്ചിത്ര താരം മമ്മൂട്ടി. തൃക്കാക്കര മണ്ഡലത്തിലുള്‍പ്പെട്ട പനമ്പിള്ളി നഗര്‍ ജിഎച്ച് എസ് സ്‌കൂളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല രാഷ്ട്രീയം. രാഷ്ട്രീയം എന്നു പറയുന്നത് ഒരോരുത്തരുടെയും അഭിപ്രായമാണ് അത് പ്രകടിപ്പിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ആ അവസരം ആരും പാഴാക്കരുതെന്നാണ് തനിക്ക് പറയാനുള്ളത്.
പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നടന്‍ മോഹന്‍ലാല്‍ പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മമ്മൂട്ടി ഒഴിഞ്ഞു മാറി. മോഹന്‍ ലാലിന്റെ സന്ദര്‍ശനം വിവാദമായിരുന്നുവല്ലോ എന്ന ചോദ്യത്തിന് ശരിയാണ് അത് വിവാദമായിരുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ രാജിവെച്ച നടപടി ശരിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കൊള്ളാമല്ലോയെന്നായിരുന്നു പ്രതികരണം.
മമ്മൂട്ടിയുടെ മകനും ചലച്ചിത്ര താരവുമായ ദുല്‍ഖര്‍ സല്‍മാനും ഇതേ ബൂത്തില്‍ രാവിലെ വോട്ടു രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തെ ദുല്‍ഖറിന്റെ കന്നി വോട്ടായിരുന്നു ഇത്. യുവാക്കള്‍ വോട്ടുചെയ്യാനുള്ള അവസരം പാഴാക്കകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോപ്പില്‍ ജോപ്പന്‍ എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നിന്നായിരുന്നു വോട്ടു രേഖപ്പെടുത്താന്‍ മമ്മൂട്ടി എത്തിയത്.
എല്ലാ പാര്‍ട്ടികളിലും അഴിമതി ഉണ്ടെന്നും മാറ്റത്തിനാണ് തന്റെ വോട്ടെന്നും നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. കണ്ടനാട് സെന്റ്‌മേരീസ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഈ സമ്പ്രദായത്തില്‍ ഒട്ടും തൃപ്തനല്ല. അങ്ങേയറ്റം ഹൃദയം തകരുന്ന ഒരവസ്ഥയില്‍ ജനങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒരു മാറ്റം ഉണ്ടാകും. ശ്രീനിവാസന്‍ പറഞ്ഞു. ഭാര്യ വിമലക്കൊപ്പമാണ് ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
നാടിന് നന്മ ചെയ്യാനുള്ള മനസുള്ള സ്ഥാനാര്‍ഥിക്കാണ് വോട്ടു ചെയ്തതെന്ന് നടന്‍ ദിലീപ് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചു. സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ തെറ്റില്ല. നാടിന്റെ പുരോഗതിക്കായി വോട്ടെറെന്ന നിലയില്‍ കടമ നിര്‍വ്വഹിക്കണമെന്നും ദിലീപ് പറഞ്ഞു.
കോണ്‍ഗ്രസ് സഹയാത്രികനായ നടന്‍ സലിംകുമാര്‍ വടക്കേക്കര സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിലെ 76ാം നമ്പര്‍ ബൂത്തില്‍ ഭാര്യക്കും മകനും ഒപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടു ചെയ്യാന്‍ നീണ്ട ക്യൂവില്‍ നിന്ന സലിംകുമാര്‍ ഫോണെടുത്ത് ഗെയിം കളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫേസ്ബുക്കിലിടുകയും മണിക്കൂറുകള്‍ക്കകം ഫോട്ടോ വൈറലാകുകയും ചെയ്തത് കൗതുകമായി.
കേന്ദ്രസര്‍ക്കാറിന്റെ വികസനപദ്ധതികള്‍ കേരളത്തിലും വരാന്‍ സംസ്ഥാനത്തും എന്‍ ഡി എ അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്ന് തിരുവനന്തപുരം എന്‍ ഡി എ സ്ഥാനാര്‍ഥി എസ്. ശ്രീശാന്ത് തൃക്കാക്കരയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.