Connect with us

Kannur

കേന്ദ്രസേനയുടെ സുരക്ഷാ വലയത്തില്‍ കണ്ണൂര്‍

Published

|

Last Updated

കണ്ണൂര്‍: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷണമുള്ള കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിലെ 1629 പോളിംഗ് ബൂത്തുകളില്‍ 1401 ബൂത്തുകളും ഇതിനകം പൂര്‍ണമായി സുരക്ഷാ വലയത്തിലായിക്കഴിഞ്ഞു. 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസറ്റിംഗിനും 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജിനും സംവിധാനമൊരുക്കിയതിന് പുറമെ പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ 23 കമ്പനി കേന്ദ്ര സായുധസേനയെ വിന്യസിച്ചതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ട്. ബൂത്തിന് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടല്‍, മുദ്രാവാക്യം വിളി, ആയുധങ്ങളുമായി നില്‍ക്കല്‍, പരസ്യ-രഹസ്യ പ്രചാരണങ്ങള്‍ ഈ പരിധിയില്‍ അനുവദിക്കില്ലെന്ന് ജില്ലാപോലിസ് മേധാവി അറിയിച്ചു. 200 മീറ്റര്‍ ചുറ്റളവില്‍ വരുന്ന വായനശാല, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുറക്കുന്നുവെങ്കില്‍ ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ഥാപന ഉടമക്ക് ഉത്തരവാദിത്തമുണ്ടാവും. ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുമെന്നും പോലിസ് പറഞ്ഞു.
ബൂത്തുകള്‍ക്ക് വെളിയില്‍ കേന്ദ്രസേന പട്രോളിംഗ് ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുളള ബൂത്തുകളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളില്‍ ബി എല്‍ ഒ യുടെ സാന്നിധ്യത്തില്‍ കേന്ദ്രസേന വോട്ടര്‍മാരെ പരിശോധിക്കും. 280 സെന്‍സിറ്റീവ് ബൂത്തുകളാണ് കണ്ണൂര്‍ജില്ലയിലുള്ളത്.അതേ സമയം കണ്ണൂരിലെ വോട്ടെടുപ്പില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നാല്‍ പോളിംഗ് നിര്‍ത്തിവെച്ച് റീ പോളിംഗ് നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചിട്ടുണ്ട്.

Latest