Connect with us

Gulf

പകര്‍ച്ചവ്യാധികള്‍ക്കു മാത്രമായി മേഖലയിലെ ആദ്യ ആശുപത്രി ഖത്വറില്‍

Published

|

Last Updated

ദോഹ: പകരുന്ന രോഗങ്ങള്‍ കണ്ടെത്തുന്നവരുടെ ചികിത്സക്കു മാത്രമായി ഖത്വറില്‍ ആശുപത്രി സ്ഥാപിക്കുന്നു. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ആശുപത്രി സംരംഭമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു. രോഗനിര്‍ണയം, ചികിത്സ, രോഗപ്രതിരോധം എന്നീ രംഗങ്ങളില്‍ ആശുപത്രി പ്രവര്‍ത്തിക്കും.
ഹമദ് മെഡിക്കല്‍ സിറ്റി കാംപസിനകത്ത് സ്ഥാപിക്കുന്ന കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററില്‍ 65 ബെഡുകളാണ് സജ്ജമാക്കുക. രാജ്യത്തിനു പുറത്തേക്ക് യാത്രക്കു തയാറെടുക്കുന്നവര്‍ക്ക് നടത്തേണ്ട പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യവും മെഡിക്കല്‍ ഗൈഡന്‍സും ഇവിടെ ഒരുക്കും. പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പെട്ടെന്ന് ലഭ്യമാക്കുകയും അതിനൂതന സംവിധാനങ്ങള്‍ ഒരുക്കുയും ചെയ്ത് മെഡിക്കല്‍ രംഗത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ആശുപത്രിയെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒന്നര വര്‍ഷത്തിനകം ഏഴു പുതിയ ആശുപത്രികള്‍ തുറക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ ആശുപത്രിയും.
പകര്‍ച്ച വ്യാധികളും അണുബാധകളും തടഞ്ഞു നിര്‍ത്തുന്നതിനും ഈ മേഖലയില്‍ വിദഗ്ധ ചികിത്സയും പ്രതിരോധ രീതികളും സ്വീകരിക്കുയാണ് പുതിയ ആശുപത്രിയുടെ ധര്‍മമെന്ന് എച്ച് എം സി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറും ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്‍ലത്വീഫ് അല്‍ ഖാല്‍ പറഞ്ഞു. പകര്‍ച്ച ഭയപ്പെടുന്ന എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കുമെതിരായി ആശുപത്രി പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയും ഒരുക്കും. ചികിത്സ മാത്രമല്ല, പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ തുടര്‍ച്ചയായി വിവിധ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും സെന്റര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എച്ച് എം സി പബ്ലിക് ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ബോധവത്കരണം നടത്തുക.
എവിടെയാണോ സേവനം ആവശ്യം അവിടെ പ്രവര്‍ത്തിക്കുന്ന രീതിയാണ് ആശുപത്രി സ്വീകരിക്കുകയെന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മുന അല്‍ മസ്‌ലമാനി പറഞ്ഞു. രോഗനിര്‍ണയം, ചികിത്സ, പരിചരണം എന്നീ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തും. മെര്‍സ് കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ക്കെതിരെ കേന്ദ്രം അതീവ ജാഗ്രത പുലര്‍ത്തും. എച്ച് 1 എന്‍ 1, സാര്‍സ്, എബോള തുടങ്ങിയ അണുബാധകളെയും പ്രതിരോധിക്കുന്നതിനും ചികിത്സക്കുമായി കേന്ദ്രം ജാഗ്രത പുലര്‍ത്തുകയും അതിനൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
പൊതുജനാരോഗ്യ വകുപ്പ്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ പ്രവര്‍ത്തിക്കുക. അതിവേഗം ചികിത്സവും പ്രതിരോധ സംവിധാവും ലഭ്യാക്കുക എന്നതാണ് സെന്ററിന്റെ ദൗത്യമാകുക. കിടത്തി ചികിത്സ ആവശ്യായി വരുന്ന രോഗികള്‍ക്ക് അതിനൂതന സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കും. പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ആശുപത്രിയില്‍ ലഭിക്കും.