കൊടിയിറങ്ങുമ്പോഴും പ്രകടമാകുന്നത് മത്സരച്ചൂട്

Posted on: May 15, 2016 2:54 am | Last updated: May 14, 2016 at 11:55 pm

voteതിരുവനന്തപുരം: ഒന്നരമാസം നീണ്ട പ്രചാരണ പൂരത്തിന് കൊടിയിറങ്ങിയപ്പോഴും പലമണ്ഡലങ്ങളിലും പ്രകടമാകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. എങ്ങോട്ടും ചായുമെന്ന നിലയിലാണ് പല മണ്ഡലങ്ങളും. സിറ്റിംഗ് സീറ്റുകളില്‍ പലതിലും നിലവിലുള്ള എം എല്‍ എമാര്‍ കടുത്ത വെല്ലുവിളി നേരിടുന്നു. അടിയൊഴുക്കുകള്‍ ആരെ തുണക്കുമെന്നതാണ് നിര്‍ണായകം. പ്രചാരണ രംഗത്ത് ഇടത് മുന്നണി നേടിയ മേല്‍ക്കോയ്മ തിരഞ്ഞെടുപ്പിലും പൊതുവില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തില്‍ നിന്ന് യു ഡി എഫും പിന്നാക്കം പോയിട്ടില്ല. അക്കൗണ്ട് തുറക്കാന്‍ സര്‍വശക്തിയും പ്രചാരണ രംഗത്ത് വിനിയോഗിച്ച ബി ജെ പിക്ക് പ്രതീക്ഷക്ക് ഒരുകുറവുമില്ല. പ്രധാന മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെങ്കിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ബി ജെ പി- ബി ഡി ജെ എസ് സഖ്യം സമാഹരിക്കുന്ന വോട്ടുകള്‍ പലയിടത്തും നിര്‍ണായകമാകും.
82 സീറ്റുകള്‍ എന്ന സി പി എം കണക്കിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിക്കുന്നതും ഇത് തന്നെ. മലബാറില്‍ ഇടത് മുന്നണി വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇടത് മുന്നേറ്റം പ്രകടമാണ്. അപ്പോഴും സിറ്റിംഗ് സീറ്റുകളായ ഉദുമയിലും വടകരയിലുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. യു ഡി എഫ് കൈവശമുള്ള മഞ്ചേശ്വരം, കാസര്‍കോട്, അഴീക്കോട്, കണ്ണൂര്‍, ഇരിക്കൂര്‍ സീറ്റുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
വയനാട്ടില്‍ യു ഡി എഫ് മേല്‍ക്കോയ്മ നിലനില്‍ക്കുമെന്ന് കണക്ക് കൂട്ടുമ്പോഴും കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാറിനെതിരെ സി കെ ശശീന്ദ്രന്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. അവിടെ സി കെ ശശീന്ദ്രന്‍ വിജയത്തോട് അടുക്കുന്നുവെന്നാണ് സൂചനകള്‍. മലപ്പുറത്തെ പോരാട്ടം 2006ലെ തിരഞ്ഞെടുപ്പിന് സമാനമാകുമെന്നാണ് പ്രചാരണ രംഗം പ്രതിഫലിപ്പിച്ചത്. ശക്തി കേന്ദ്രങ്ങളില്‍ പോലും മുസ്‌ലിം ലീഗ് കടുത്ത വെല്ലുവിളി നേരിടുന്നു. തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍ ഇത്തവണയും ഇടതിനൊപ്പം നില്‍ക്കും. താനൂര്‍, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ തീപാറും പോരാട്ടമാണ്. കൊണ്ടോട്ടി, വള്ളിക്കുന്ന് മണ്ഡലങ്ങളിലും കടുത്ത മത്സരം തന്നെ.
തൃശൂരില്‍ യു ഡി എഫ് മേല്‍ക്കോയ്മ നഷ്ടപ്പെട്ട് ഇത്തവണ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്നതാണ് നിലവിലെ സ്ഥിതി. പാലക്കാട് വലിയ ആധിപത്യമാണ് ഇടത് മുന്നണി പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇടത് മുന്നണി ജയിച്ച സീറ്റുകള്‍ക്ക് പുറമെ മണ്ണാര്‍ക്കാട്, തൃത്താല സീറ്റുകള്‍ എല്‍ ഡി എഫ് ഉറപ്പിച്ച മട്ടാണ്. ചിറ്റൂര്‍, പട്ടാമ്പി സീറ്റുകളിലും കടുത്ത മത്സരമാണ് നടക്കുന്നത്. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് സി പി എം വ്യക്തമാക്കുന്നു. മണ്ണാര്‍ക്കാട് സീറ്റില്‍ ജയം ഉറപ്പിക്കാന്‍ മുസ്‌ലിം ലീഗ്- ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്നാണ് വിവരം. പാലക്കാട് സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് നീക്കം. ബി ജെ പി ജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പാലക്കാട്.
എറണാകുളത്തെ മേധാവിത്വം യു ഡി എഫിന് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. തൃപ്പൂണിത്തുറയില്‍ കെ ബാബുവും തൃക്കാക്കരയില്‍ പി ടി തോമസും കടുത്ത വെല്ലുവിളി നേരിടുന്നു. കോട്ടയം യു ഡി എഫിനൊപ്പം നില്‍ക്കുമെന്ന് പുറമേക്ക് പറയുമ്പോഴും കെ എം മാണിയുടെ പാല അടക്കം പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ്. ക്രൈസ്തവ സഭാനേതൃത്വവുമായി ഇവിടെ യു ഡി എഫ് ധാരണയുണ്ടാക്കിയെന്നാണ് വിവരം.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ബി ഡി ജെ എസ് സാന്നിധ്യം ആര്‍ക്ക് നേട്ടമാകുമെന്ന് കണ്ടറിയണം. ഉടുമ്പന്‍ചോലയില്‍ എം എം മണിയും ആറന്മുളയില്‍ കെ ശിവദാസന്‍ നായരും തിരുവല്ലയില്‍ മാത്യു ടി തോമസും ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥുമെല്ലാം കടുത്ത മത്സരം നേരിടുന്നു. കൊല്ലം ജില്ലയില്‍ ഇടത് മുന്നണിക്ക് നിലവിലുള്ള മേധാവിത്വം നിലനിര്‍ത്താന്‍ കഴിയും. ഇടതിന്റെ സിറ്റിംഗ് സീറ്റുകളില്‍ കരുനാഗപ്പള്ളിയില്‍ മാത്രമാണ് കടുത്ത മത്സരമുള്ളത്. ആര്‍ എസ് പി മത്സരിക്കുന്ന ഇരവിപുരം ഇത്തവണ സി പി എം പിടിക്കുമെന്നാണ് പ്രചാരണ രംഗം നല്‍കുന്ന സൂചന.
ഇനിയും പിടി നല്‍കാത്ത ജില്ല തിരുവനന്തപുരമാണ്. ഭൂരിഭാഗം മണ്ഡലങ്ങളിലും കടുത്ത മത്സരം. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം സീറ്റുകള്‍ എല്‍ ഡി എഫും വര്‍ക്കല, അരുവിക്കര സീറ്റുകള്‍ യു ഡി എഫും ഉറപ്പിച്ച മട്ടാണ്. മറ്റിടത്തെല്ലാം പൊരിഞ്ഞ പോരാട്ടം. സി പി എം- ബി ജെ പി മത്സരമായി മാറിയ നേമത്ത് വി ശിവന്‍കുട്ടിയാണ് ഒരു മുഴം മുന്നില്‍. ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന്റെ ഭാഗമായി മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ശിവന്‍കുട്ടിക്ക് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് സൂചന. വട്ടിയൂര്‍ക്കാവും കഴക്കൂട്ടവുമാണ് ബി ജെ പി പ്രതീക്ഷ വെക്കുന്ന മറ്റ് രണ്ട് മണ്ഡലങ്ങള്‍. പ്രചാരണ രംഗത്ത് ത്രികോണ പ്രതീതിയുണ്ടെങ്കിലും ബി ജെ പി അക്കൗണ്ട് തുറക്കുന്നതിലേക്ക് ഇവിടെ കാര്യങ്ങള്‍ നീങ്ങില്ലെന്നാണ് വിലയിരുത്തല്‍. വട്ടിയൂര്‍ക്കാവില്‍ യു ഡി എഫിനായി കെ മുരളീധരനും എല്‍ ഡി എഫിന് വേണ്ടി ടി എന്‍ സീമയും ബി ജെ പിക്ക് വേണ്ടി കുമ്മനം രാജശേഖരനുമാണ് മത്സരിക്കുന്നത്. ടെക്‌നോപാര്‍ക്ക് തൊഴിലാളികള്‍ നിര്‍ണായകമാകുന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും എം എ വാഹിദും നേര്‍ക്കുനേര്‍ പോരാടുന്നു. ബി ജെ പിക്ക് വേണ്ടി വി മുരളീധരനും സജീവമായി രംഗത്തുണ്ട്.