ഖത്വര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്ത്

Posted on: May 14, 2016 7:33 pm | Last updated: May 14, 2016 at 7:33 pm

ദോഹ: ഖത്വറില്‍നിന്നു പോകുന്ന വിമാനങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ വെച്ച് സ്വര്‍ണം പിടിച്ചെടുക്കുന്നത് ഖത്വറില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം അമൃത്‌സറില്‍ വെച്ച് ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നിന്ന് 246 സ്വര്‍ണ നാണയങ്ങളാണ് പിടിച്ചെടുത്തത്. ബാത്ത് റൂമില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. ഗോവയില്‍ വെച്ച് ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ടോയ്‌ലറ്റില്‍നിന്ന് ഏഴു കിലോ സ്വര്‍ണം പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും സ്വര്‍ണം കണ്ടെത്തിയത്. ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണ കള്ളക്കടത്തു നടത്തുന്നതിനുള്ള ശ്രമമാണ് വ്യക്തമാകുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു.
ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലെ തുടര്‍ച്ചയായ സ്വര്‍ണ വേട്ട സൃഷ്ടിച്ചേക്കാവുന്ന കനത്ത സുരക്ഷാ പരിശോധനയും നിയന്ത്രണങ്ങളുമുള്‍പ്പെടെയുള്ള നടപിടികള്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ട്. സ്വര്‍ണക്കടത്ത് പിടികൂടുന്ന സംഭവങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തകളുമാകുന്നു.
ഏപ്രില്‍ 27നാണ് ഗോവ എയര്‍പോര്‍ട്ടില്‍വെച്ച് ഏഴു കിലോ സ്വര്‍ണം ഖത്വര്‍ എയര്‍വേയ്‌സ് വിമാനത്തിന്റെ ബാത്ത്‌റൂമില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അമൃത്‌സറില്‍നിന്നും 1.96 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണ നാണയങ്ങളാണ് കണ്ടെടുത്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ചുവെച്ച രണ്ട് പായ്ക്കറ്റുകളിലായിരുന്നു സ്വര്‍ണമെന്ന് കസ്റ്റംസ് കമ്മീഷണര്‍ ക്യാപ്റ്റന്‍ സഞ്ജീവ് ഗാഹ്‌ലോട്ട് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ഇന്ത്യയില്‍ സ്വര്‍ണത്തിന് തീരുവ ഉയര്‍ന്നതാണ് കള്ളക്കടത്തുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപകാലത്ത് ഏര്‍പ്പെടുത്തിയ വില്‍പ്പന നികുതി സ്വര്‍ണത്തിന് വീണ്ടും വില കൂടാനിടയാക്കി. അതേസമം ദോഹയില്‍ സ്വര്‍ണവില കുറവായത് കള്ളക്കടത്തിനു പ്രേരിപ്പിക്കുന്നു. രണ്ടു വര്‍ഷത്തിനിടെ നാലു പ്രധാനപ്പെട്ട സ്വര്‍ണക്കടത്താണ് അമൃത്‌സര്‍ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടത്. അഞ്ചു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ദുബൈയില്‍നിന്നും ദോഹയില്‍നിന്നുമാണ് ഇന്ത്യയിലേക്ക് വ്യാപകമായി സ്വര്‍ണകടത്ത് നടക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ ഒളിപ്പിക്കുന്ന സ്വര്‍ണം ഗ്രൗണ്ട് സ്റ്റാഫിനെ ഉപയോഗിച്ചാണ് കള്ളക്കടത്തുകാര്‍ പുറത്തു കടത്തുന്നത്. അല്ലെങ്കില്‍ വിമാന ജീവനക്കാര്‍ വസ്ത്രത്തിനകത്തു വെച്ച് കടത്തുന്നു. കഴിഞ്ഞ നവംബറില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഖത്വര്‍ എയര്‍വേയ്‌സ് ക്രൂ മെമ്പര്‍ അഹമദാബാദില്‍ അറസ്റ്റിലായിരുന്നു. വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.17 കിലോ ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിടിയിലായ ക്രൂ മെമ്പര്‍ മുമ്പ് നാലു തവണ സ്വര്‍ണം കടത്തിയിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ മറ്റൊരു ഖത്വര്‍ എയര്‍വേയ്‌സ് ജീവനനക്കാരനും മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും അന്വേഷണത്തിനു വിധേയരായിരുന്നു. ഗോവ, അമൃത്‌സര്‍ സ്വര്‍ണ കടത്ത് സംഭവങ്ങളെക്കുറിച്ച് ഖത്വര്‍ എയര്‍വേയ്‌സ് പ്രതികരിച്ചിട്ടില്ല.