തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ കെ രമക്കെതിരെ ആക്രമണം

Posted on: May 14, 2016 6:31 pm | Last updated: May 15, 2016 at 12:24 am

rama വടകര: വടകര മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സി പി എം പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുന്നതിനിടയില്‍ ആര്‍ എം പി സ്ഥാനാര്‍ഥി കെ കെ രമയെയും അഞ്ച് പ്രവര്‍ത്തകരെയും സി പി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കൈയേറ്റത്തിനിടയില്‍ തല കറങ്ങി വീണ രമയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമക്കൊപ്പമുണ്ടായിരുന്ന കരിമ്പനപ്പാലം ഗ്രാണ്‍മയില്‍ സോഷിമ (21) ഒഞ്ചിയം തെക്കേക്കണ്ടി അജന്യ (18), വടകര കരിമ്പനപ്പാലം പുളിയുള്ളതില്‍ മനോജ് (35), കരിമ്പനപ്പാലം വടക്കേ കൈയ്യില്‍ ദിവ്യ (30), പുതുപ്പണം പാലോളിത്താഴം ഏ പി ഷാജിത്ത് (28) എന്നിവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര നഗരപരിധിയിലെ നാരായണ നഗരം തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം വീട് കയറി വോട്ട് അഭ്യര്‍ഥിക്കുന്നതിനിടയിലാണ് കൈയേറ്റം. സി പി എം ശക്തികേന്ദ്രമായ സ്ഥലത്ത് വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പതിനഞ്ചോളം സി പി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതെന്ന് രമ പറഞ്ഞു. ടി പിക്ക് 51 വെട്ടാണെങ്കില്‍ നിങ്ങള്‍ക്ക് 52 വെട്ടിന്റെ അനുഭവമാണ് ഉണ്ടാകുകയെന്നും താക്കീത് നല്‍കിയായിരുന്നു കൈയേറ്റം. കൈപിടിച്ച് തിരിക്കുകയും, പുറത്ത് അടിക്കുകയും ചെയ്തതായി രമ വടകര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു കൈയേറ്റം. സംഭവമറിഞ്ഞ് വടകര ഡി വൈ എസ് പി. പ്രജീഷ് തോട്ടത്തില്‍, സി ഐ. വിശ്വംഭരന്‍, എസ് ഐ. ചിത്തരഞ്ജന്‍ എന്നിവര്‍ സ്ഥലത്തെത്തി.