തിരൂരങ്ങാടി ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതം

Posted on: May 14, 2016 11:33 am | Last updated: May 14, 2016 at 11:33 am

pk abdurabbuതിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ യുഡി എഫും എല്‍ ഡി എഫും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ മണ്ഡലം ഈ തവണ ആരെ തുണക്കുമെന്നത് പ്രവചനാതീതം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പ്രചാരണ പ്രവര്‍ത്തനത്തില്‍ ഇടത്പക്ഷമാണ് ഒരുപടി മുന്നിലെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിനെതിരെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയാസ് പുളിക്കലകത്ത് മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ഇവിടെ ശക്തമായ പോര്‍ക്കളം രൂപപ്പെടുമെന്ന് ഉറപ്പിച്ചതാണ്. യു ഡി എഫ് പരമ്പരാഗതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് ശ്രദ്ധ ചൊലുത്തുന്നത്.
എന്നാല്‍ നിയാസ് പുളിക്കലകത്തിന് വൈവിധ്യങ്ങളായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കാലങ്ങളായി യു ഡി എഫിന് വീണിരുന്ന പല വോട്ടുകളിലും ഈ തവണ മാറ്റത്തിനൊപ്പമായിരിക്കുമെന്ന് നിയാസ് ഉറച്ച് വിശ്വസിക്കുന്നു. മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായി വിള്ളലുകള്‍ ഈതവണ ഉറപ്പാണെന്നും ശക്തമായ അടിയൊഴുക്കുകളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നുമുള്ള നിഗമനത്തിലാണ് ഇടത്പക്ഷം. മണ്ഡലത്തിലെ യുവജന സംഘടനകള്‍ ക്ലബ്ബുകള്‍ നാട്ടുപ്രമുഖര്‍ തുടങ്ങിയവരെ കയ്യിലെടുത്താണ് നിയാസ് ചരടുവലികള്‍ നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ യു ഡി എഫിന് കഴിയുന്നില്ല എന്നത് സത്യമാണ്. മണ്ഡലത്തിന്റെ ഓരോ ഭാഗങ്ങളിലും ദിവസവും എന്ന നിലയില്‍ നിയാസിന് വേണ്ടിയുള്ള പ്രകടനങ്ങളും റോഡ് ഷോകളും നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം തന്നെ മണ്ഡലത്തിലെ പ്രധാന ടൗണുകളില്‍ കൊട്ടിക്കലാശത്തിന്റെ പ്രതീതിയാണ് ഉളവായത്. നിയോജകമണ്ഡലം എല്‍ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന റോഡ്‌ഷോ മണ്ഡലത്തിന്റെ പ്രധാന കവലകളിലെല്ലാം പ്രയാണം നടത്തി.
നൂറുകണക്കിന് ബൈക്കുകളും വാഹനങ്ങളുമാണ് അണിനിരന്നത്. പരപ്പനങ്ങാടി നഗരസഭയിലെ തീരദേശത്ത് നിന്ന് ആരംഭിച്ച് നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി, എടരിക്കോട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ പര്യടനം നടത്തി ചെമ്മാട് ടൗണില്‍ പൊതുയോഗത്തോടെ സമാപിച്ചു.