കോഴിക്കോട്: വടകരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ റാം ഗോപാല്‍ മീണയാണ് വെടിയേറ്റ് മരിച്ചത്. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിലായിരുന്നു ജവാന്‍മാരുടെ താമസം. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് താമസസ്ഥലത്ത് ഇയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ തമ്മില്‍ വൈകിട്ട് ക്യാംപില്‍ ചില തര്‍ക്കങ്ങള്‍ നടന്നതായി സൂചനകളുണ്ട്. അവധി നല്‍കാത്തതിനെ തുടര്‍ന്നുളള തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും വിവരങ്ങളുണ്ട്.
ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉമേഷ്പാല്‍ സിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.എസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വടകര സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.