പട്ടാമ്പി യുഡിഎഫ് സ്ഥാനാര്‍ത്ഥി സി പി മുഹമ്മദ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: May 12, 2016 4:13 pm | Last updated: May 13, 2016 at 11:08 am

C P MUHAMMEDകൊച്ചി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ സി പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജ
യന്‍ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന എംഎല്‍എ വീട്ടിലുള്ള സ്ത്രീക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

മുഹമ്മദും യു.ഡി.എഫ് പ്രവര്‍ത്തരും ഒരു വീട്ടിലേക്ക് കയറിച്ചെല്ലുകയും ഗൃഹനാഥനോട് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളോട് വിശേഷങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് വീട്ടമ്മയോട് സംസാരിക്കുന്ന മുഹമ്മദ് ഇടതു കൈയില്‍ കരുതിയിരുന്ന നോട്ടുകള്‍ വീട്ടമ്മയുടെ കൈയിലേക്ക് വച്ചു കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മുഹമ്മദ് അനുയായികള്‍ക്കൊപ്പം മടങ്ങുന്നു.

പരാജയ ഭീതിയില്‍ യുഡിഎഫ് കണക്കില്ലാതെ പണം ഒഴുക്കുകയാണെന്നും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് നിയമ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാകണമെന്നും പിണറായി വീഡിയോ പുറത്ത് വിട്ട് ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍തോതില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമവും യു.ഡി.എഫ് നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ആരോപണം സി.പി മുഹമ്മദ് നിഷേധിച്ചു. സി.പി.എം കുറെക്കാലമായി അപവാദ പ്രചാരണവും നുണ പ്രചാരണവും നടത്തുകയാണെന്നും പിണറായിക്ക് പരാജയ ഭീതിയാണെന്നും സി.പി മുഹമ്മദ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഹസ്തദാനം ചെയ്യുക മാത്രമാണ് ചെയ്തത്. ആ വീട്ടില്‍ ഒരു കാന്‍സര്‍ രോഗിയുണ്ട്. അവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വാങ്ങി നല്‍കിയത് ഞാനാണ്. അവര്‍ക്ക് വോട്ടു ചെയ്യാനായി പണം നല്‍കേണ്ട കാര്യമില്ല. കൈയില്‍ പിടിച്ച് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. സി.പി മുഹമ്മദ് വ്യക്തമാക്കി