വീട്ടില്‍ നിന്ന് മദ്യം പിടിച്ചു; മനോരമ ദേവിക്കെതിരെ അറസ്റ്റ് വാറണ്ട്

Posted on: May 12, 2016 6:01 am | Last updated: May 11, 2016 at 11:37 pm

ManoramaDevi_2848490fപാറ്റ്‌ന: വാഹനം മറികടന്നതില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്ന കേസില്‍ മകന്‍ റോക്കി യാദവ് അറസ്റ്റിലായതിന് പിറകേ ജെ ഡി യു. എം എല്‍ സി മനോരമ ദേവി പുതിയ കുരുക്കില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ വീട് ചൊവ്വാഴ്ച വൈകുന്നേരം റെയ്ഡ് ചെയ്യുന്നതിനിടെ മദ്യക്കുപ്പികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എം എല്‍ സിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും വീട് സീല്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം ബീഹാര്‍ സര്‍ക്കാര്‍ പാസാക്കിയ എക്‌സൈസ് നിയമ പ്രകാരം മദ്യം കൈവശം വെക്കുന്നത് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവും പത്ത് ലക്ഷം വരെ പിഴയടക്കാവുന്നതുമായ കുറ്റമാണ്.
വീട് മനോമ ദേവിയുടെ പേരിലായതിനാല്‍ സീല്‍ ചെയ്യുകയാണെന്നും അവരെ കണ്ടെത്താനായില്ലെന്നും ഗയ ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി മനോരമ ദേവി വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് എം എല്‍ സിയുടെ സുരക്ഷാ ജീവനക്കാരന്‍ രാജേഷ് കുമാറിനെയും ഭര്‍ത്താവ് ബിന്ദി യാദവിനെയും മകന്‍ റോക്കി യാദവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ് അറസ്റ്റിലായ റോക്കിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.