കുറ്റകൃത്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്ന് യു എ ഇ

Posted on: May 11, 2016 6:38 pm | Last updated: May 16, 2016 at 8:06 pm

അബുദാബി: ലോകത്ത് കുറ്റകൃത്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി യു എ ഇ മാറിയെന്ന് ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. 2015ല്‍ 110 കുറ്റകൃത്യങ്ങള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേസമയം, ഇംഗ്ലണ്ടില്‍ 1,053 കുറ്റകൃത്യങ്ങള്‍ സംഭവിച്ചുവെന്ന് ശൈഖ് നഹ്‌യാന്‍ ചൂണ്ടിക്കാട്ടി. യു എ ഇയെ കുറ്റകൃത്യ രഹിത രാജ്യമാക്കുമെന്നും ശൈഖ് സൈഫ് പറഞ്ഞു.
ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗമായ ഹാമിദ് അല്‍ റൂമിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കത്തിയും വാളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ള എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ കണക്കാണിത്. ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം.
യു എ ഇയിലെ 86.5 ശതമാനം പേര്‍ പകല്‍നേരത്തെയും 84.5 പേര്‍ രാത്രികാലത്തെയും സുരക്ഷിതത്വത്തില്‍ തൃപ്തരാണ്. ഒരു ലക്ഷം പേരില്‍ 5.75 പേര്‍ കഴിഞ്ഞപ്രാവശ്യം റോഡപകടത്തില്‍പ്പെട്ടു. 2008ല്‍ ഇത് 13 പേരായിരുന്നു. 2021 ആകുമ്പോഴേയ്ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട നിരക്കുള്ള(ലക്ഷത്തില്‍ മൂന്ന്) രാജ്യമായും യു എ ഇയെ മാറ്റുക എന്ന ലക്ഷ്യവുമുണ്ടെന്ന് ശൈഖ് സൈഫ് പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ റോഡപകട മരണ നിരക്കുള്ള രാജ്യമാണ് യു എ ഇ. വീട്ടുജോലിക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.