ഓട്ടം തുള്ളല്‍ മുതല്‍ സെല്‍ഫി വരെ; പതിനെട്ടടവും പയറ്റി സ്ഥാനാര്‍ഥികള്‍

Posted on: May 11, 2016 1:30 pm | Last updated: May 13, 2016 at 12:23 am

SELFIEതിരുവനന്തപുരം:തിരഞ്ഞെടുപ്പിന് നാല് ദിനം മാത്രം ബാക്കി നില്‍ക്കെ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ പണി പതിനെട്ടും പയറ്റി സ്ഥാനാര്‍ഥികള്‍. ഓട്ടം തുള്ളല്‍ മുതല്‍ തെരുവുനാടകം വരെയുള്ള പ്രചാരണ തന്ത്രമായി സ്ഥാനാര്‍ഥികള്‍ പരീക്ഷിക്കുന്നത്. ആവനാഴിയിലെ അവസാന അമ്പുകളും പയറ്റാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വോട്ടര്‍മാരെ പരമാവധി ആകര്‍ഷിക്കുന്ന രീതിയിലുള്ള പുതിയ തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

വോട്ടര്‍മാര്‍ക്ക് രസിക്കാന്‍ കഴിയുന്ന രീതിയിലുള്ള പാരഡി ഗാനങ്ങള്‍ക്ക് പുറമെ പൗരാവകാശമുണര്‍ത്തുന്ന രീതിയിലുള്ള അനൗണ്‍സ്‌മെന്റുകളും തെരുവുനാടകവും, ഓട്ടം തുള്ളലും നാടന്‍പാട്ടുമടക്കമുള്ള കലാ പ്രകടനങ്ങളും പ്രചാരണായുധമാക്കിയാണ് സ്ഥാനാര്‍ഥികള്‍ മുന്നേറുന്നത്. സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ പതിപ്പിച്ച മുഖംമൂടികള്‍ ധരിച്ച് യുവാക്കള്‍ നടത്തുന്ന ബൈക്ക് റാലിയും വോട്ടര്‍മാര്‍ക്ക് പുതിയ അനുഭവം പകരുന്നുണ്ട്.
വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും എതിര്‍ പാര്‍ട്ടികളെ പരിഹസിച്ചുമാണ് തെരുവുനാടകങ്ങളും ഓട്ടന്‍ തുള്ളലും സംഘടിപ്പിച്ചിട്ടുള്ളത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ ജംഗ്ഷനുകളില്‍ സംഘടിപ്പിക്കുന്ന ഇത്തരം കലാ രൂപങ്ങള്‍ കാഴ്ചക്കാര്‍ക്കും പ്രിയമേറുന്നത് മനസിലാക്കിതന്നെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ചുവടുപിടിച്ചാണ് നാടന്‍പാട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

പരമ്പരാഗത പ്രചാരണ രീതികള്‍ക്ക് പുറമെ നവ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കൊഴുക്കുകയാണ്. വാട്‌സ് ആപ്പും ഫേസ്ബുക്കുമാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പ്രചാരണായുധം. അന്നന്നുള്ളപ്രചാരണ വിശേഷങ്ങള്‍ക്ക് പുറമെ ജനങ്ങളെ കയ്യിലെടുക്കുന്ന തരത്തിലുള്ള ലേഖനങ്ങളും മുദ്രാവാക്യങ്ങളുമാണ് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൂടാതെ ഇ– പോസ്റ്റര്‍, വെബ്‌സൈറ്റ്, ഹ്രസ്വ വീഡിയോ ദൃശ്യങ്ങള്‍ എന്നിങ്ങനെ പ്രചാരണരംഗത്ത് വേറിട്ട കാഴ്ചകളൊരുക്കിയാണ് ഹൈടെക് രീതി മുന്നേറുന്നത്.

സ്ഥാനാര്‍ഥികളുടെ പേരിലുള്ള വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഇ–പോസ്റ്റര്‍ തയ്യാറാക്കാം. ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇത് പോസ്റ്റ് ചെയ്യാനാകും. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോയും ശ്രദ്ധേയമാണ്. മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പുകളും ഉണ്ട്. സ്വകാര്യ ടെലിഫോണ്‍ കമ്പനിയുമായി സഹകരിച്ച് സ്ഥാനാര്‍ഥികള്‍ ഫോണില്‍ വോട്ടഭ്യര്‍ഥിക്കുന്ന മൊബൈല്‍ കോളിംഗ് സംവിധാനവും എല്ലാവരും പരീക്ഷിക്കുന്നുണ്ട്.

സെല്‍ഫിക്കും പ്രചാരണത്തില്‍ മുഖ്യ സ്ഥാനം തന്നെയാണുള്ളത്. പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നേതാക്കള്‍ മടങ്ങുമ്പോള്‍ സെല്‍ഫിക്കായി ഒരു സംഘം അടുത്തുകൂടുന്നത് പ്രചാരണ രംഗത്തെ പതിവ് കാഴ്ചയായി മാറി. സംസ്ഥാന നേതാക്കള്‍ മാത്രമല്ല ദേശീയ നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും ആളുകള്‍ തിക്കിതിരക്കുന്നുണ്ട്. നേതാക്കള്‍ക്കൊപ്പമെടുത്ത സെല്‍ഫികള്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും നിറയുമ്പോള്‍ അതു പ്രചാരണത്തിന്റെ മികച്ച വഴിയായി സ്ഥാനാര്‍ഥികളും കാണുന്നു.

ദേശീയ നേതാക്കളേയും സിനിമാ താരങ്ങളേയും ഇറക്കിയുള്ള പ്രചാരണ തന്ത്രങ്ങളും തുടരുകയാണ്. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള യുവനേതാക്കളാണ് കോണ്‍ഗ്രസിന് വേണ്ടി എത്തുന്നതെങ്കില്‍ എല്‍ ഡി എഫിന് വേണ്ടി വൃന്ദാകാരാട്ട്, മണിക് സര്‍ക്കാര്‍ അടക്കുള്ള നേതാക്കളാണ് രംഗത്തുള്ളത്. എന്‍ ഡി എക്ക് വേണ്ടി നിധിന്‍ ഗഡ്കരി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയ നീണ്ട നിരയും പ്രചാരണ രംഗത്തുണ്ടാകും.
സിനിമാ താരങ്ങളെരംഗത്തിറക്കിയുള്ള പ്രചാരണത്തിലും മുന്നണികള്‍ പിന്നിലല്ല. ദേശീയ നേതാക്കളുടെ പ്രചാരണം ഈ ആഴ്ചയിലും തുടരുന്നതിനൊപ്പം മണ്ഡലം ഇളക്കി മറിച്ചുകൊണ്ടുള്ള വാഹന പ്രചാരണവും തകൃതിയായി നടക്കും. അവസാന വട്ടം വീടുകയറി വോട്ടഭ്യര്‍ഥിക്കലാണ് വരും ദിവസങ്ങളില്‍ നടക്കുക. സ്ലിപ്പ് വിതരണവും ഇതൊടൊപ്പം നടക്കും.