ജാഥകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

Posted on: May 11, 2016 9:54 am | Last updated: May 11, 2016 at 9:54 am

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ രാഷ്ട്രീയ കക്ഷികള്‍ ജാഥകള്‍ നടത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍, പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജാഥ നടത്തുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ, ജാഥ തുടങ്ങുന്ന സ്ഥലം, സമയം, വഴി, അവസാനിക്കുന്ന സമയം എന്നിവ മുന്‍കൂട്ടി തീരുമാനിക്കണം. സാധാരണ ഗതിയില്‍ ഇതില്‍ മാറ്റം അനുവദിക്കില്ല.

ജാഥ സംബന്ധിച്ച് പോലീസധികാരികളെ മുന്‍കൂട്ടി അറിയിക്കണം. കടന്നു പോകുന്ന പ്രദേശങ്ങളില്‍ ഏതെങ്കിലും നിരോധന ഉത്തരവുണ്ടോയെന്ന് സംഘാടകര്‍ അനേ്വഷിക്കുകയും, ബന്ധപ്പെട്ട അധികാര സ്ഥാനത്തില്‍ നിന്ന് പ്രതേ്യക അനുമതി വാങ്ങുകയും വേണം. അനുമതി ഇല്ലെങ്കില്‍ പ്രകടനം അനുവദിക്കില്ല.
ഗതാഗതത്തിന് തടസ്സമില്ലാത്ത വിധം ജാഥ ക്രമീകരിക്കുകയും, ഇടവേളകളില്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും കടന്നുപോകാന്‍ വഴി ഒരുക്കുകയും വേണം. ഒന്നിലധികം രാഷ്ട്രീയ കക്ഷികള്‍ ഒരേ വഴിയില്‍ ജാഥ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സംഘട്ടനങ്ങള്‍ ഒഴിവാക്കാനും ഗതാഗതം തടസ്സപ്പെടാതിരിക്കാനും മുന്‍കരുതലുകള്‍ എടുക്കണം. എതിരാളികളുടെ കോലം കൊണ്ട് നടക്കുന്നതും കത്തിക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.