Connect with us

Gulf

മൂന്ന് ഇന്ത്യന്‍ പടക്കപ്പലുകള്‍ മസ്‌കത്ത് തുറമുഖത്ത് എത്തുന്നു

Published

|

Last Updated

മസ്‌കത്ത്:ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ പടക്കപ്പലുകളായ ദീപക്, ടര്‍ക്കാഷ്, ഡല്‍ഹി മസ്‌കത്തിലെത്തുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ പടിഞ്ഞാറന്‍ മേഖലയിലെ കപ്പലുകളായ ഇവ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 21ന് കപ്പലുകള്‍ മസ്‌കത്ത് തുറമുഖത്ത് എത്തുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

കടല്‍കൊള്ള, തീവ്രവാദ ഭീഷണി, കടല്‍ ഭീഷണി എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശവും യാത്രയുടെ പിന്നിലുണ്ട്. പടിഞ്ഞാറന്‍ മേഖല ഫഌഗ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ റവ്‌നീത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീരദേശ സേനായാത്ര നയിക്കുന്നത്.
ഇന്ത്യന്‍ തീരദേശസേനയുടെ ഏറ്റവും ആധുനിക പടക്കപ്പലാണ് ദീപക്. മൂന്ന് നിലകളിലുള്ള കപ്പലില്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നതിനും പ്രത്യേക സൗകര്യമുണ്ട്. കൂടാതെ അന്തര്‍ വാഹനി കപ്പല്‍, മറൈന്‍ കമാന്‍ഡോകള്‍ എന്നിവ ദീപകിന്റെ സവിശേഷതയാണ്.
കപ്പലിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഇന്ത്യയില്‍തന്നെ നിര്‍മിച്ചതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലും ദീപകാണ്. ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള നാവിക സഹകരണം മെച്ചപ്പെടുത്താന്‍ ദീപകിന്റെ യാത്ര ഉപകരിക്കും.

Latest