Connect with us

National

മലേഗാവ് സ്‌ഫോടന കേസ് കുറ്റപത്രം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് പ്രതിസ്ഥാനത്തുള്ള മലേഗാവ് സ്‌ഫോടന കേസില്‍ ഈ മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറിയിച്ചു. കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ ശരദ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിവതും ഈ മാസം തന്നെ മുംബൈയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ മനഃപൂര്‍വമായ വൈകിക്കല്‍ ഉണ്ടായിട്ടില്ല. കേസില്‍ മഹാരാഷ്ട്രാ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അറസ്റ്റ് ചെയ്ത പല പ്രതികളും ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹരജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

ഈ ഹരജികളില്‍ തീര്‍പ്പാകുന്ന മുറക്ക് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നും ശരദ് കുമാര്‍ വ്യക്തമാക്കി.
മലേഗാവ് സ്‌ഫോടന കേസില്‍ ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 14 പേരെയാണ് എന്‍ ഐ എ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുള്ളത്. 2008 സെപ്തംബര്‍ 29ന് മലേഗാവ് നഗരത്തില്‍ നടത്തിയ രണ്ട് സ്‌ഫോടനങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ പുരോഹിതിനെ കൂടാതെ പ്രഗ്യാ സിംഗ് ഠാക്കൂര്‍, ശിവനാരായണ്‍ കല്‍സംഗ്ര, ശ്യാം സഹു, രമേഷ് ഉപാധ്യായ, സമീര്‍ കുല്‍ക്കര്‍ണി, അജയ്, രകേഷ് ധവാദെ, ജഗദീഷ് മാത്രെ, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി പ്രവീണ്‍ തകല്‍ക്കി എന്നിവരാണ് പ്രതികള്‍. 2007ലെ സംഝോതാ ട്രെയിന്‍ സ്‌ഫോടന കേസില്‍ പ്രതികളായ രാമചന്ദ്ര കല്‍സംഗ്രയും സന്ദീപ് ദാങ്കെയും ഈ കേസിലും പ്രതികളാണെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

മലേഗാവ് സ്‌ഫോടന കേസ് ആദ്യം അന്വേഷിച്ച മുംബൈ എ ടി എസ് ജോയിന്റ് കമ്മീഷണര്‍ ഹേമന്ത് കര്‍കറെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നതിന് മുമ്പ് 16 പേരെയാണ് എ ടി എസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരില്‍ 14 പേര്‍ക്കെതിരെ മാത്രമാണ് 2009 ജനുവരി 20നും 2011 ഏപ്രില്‍ 14നുമായി മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പുരോഹിതും പ്രഗ്യയും നിരവധി തവണ ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി കുറ്റപത്രം ചോദ്യം ചെയ്ത് ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.

Latest