സ്വര്‍ണവില തിരിച്ചു കയറുന്നു

Posted on: May 9, 2016 7:21 pm | Last updated: May 10, 2016 at 6:41 pm

ദോഹ: സ്വര്‍ണവില തിരിച്ചുകയറുന്നു. ഒരു വര്‍ഷത്തെ ഇടിവിനു ശേഷമാണ് വിപണിയില്‍ വില കൂടുന്നത്. ഈ വര്‍ഷം ആദ്യ നാലു മാസം രാജ്യത്ത് സ്വര്‍ണ വിലയില്‍ 21 ശതമാനം വര്‍ധനയുണ്ടായി.
24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് ജനുവരി ഒന്നിന് 131 റിയാലായിരുന്നു വില. ഏപ്രില്‍ അവസാനത്തില്‍ ഗ്രാമിന് 157 റിയാലിലേക്ക് വില ഉയര്‍ന്നു. 22 ക്യാരറ്റ് ഗ്രാമിന് 122 റിയാലില്‍ നിന്ന് 148 റിയാലായും ഉയര്‍ന്നു. വില കൂടിയതു കാരണം സ്വര്‍ണവിപണിയില്‍ കച്ചവടം കുറവുണ്ടെന്ന് ദോഹയിലെ ഗോള്‍ഡ് ഷോറൂം സെയില്‍സ് മാനേജരെ ഉദ്ധരിച്ച് ദ പെനിന്‍സുല റിപ്പോര്‍ട്ടു ചെയ്തു. വില കുറയുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണം വാങ്ങുന്നത് മാറ്റിവെക്കുന്നുണ്ട്. എന്നാല്‍ ഇനിയും വില ഉയര്‍ന്നേക്കാമെന്ന ആശങ്കയാല്‍ ഇപ്പോള്‍ സ്വര്‍ണം വാങ്ങുന്നവരും ഏറെയാണ്.
ആഗോള വിപിണിയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണവില നിര്‍ണയിക്കുന്നത്. നാലു മാസത്തിനിടെ സ്വര്‍ണത്തിന് ക്രമാനുഗതമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ധന നയത്തിന്മേലുള്ള യു എസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും ബേങ്ക് ഓഫ് ജപ്പാന്റെ തത്സ്ഥിതി തുടരാനുള്ള തീരുമാനവും കാരണം ഡോളറിന്റെ മൂല്യം കുറഞ്ഞതാണ് മഞ്ഞ ലോഹത്തിന് അനുഗ്രഹമായത്.
സ്വര്‍ണം കൂടുതലായി വാങ്ങാന്‍ ആരംഭിച്ചത് വിപണിയില്‍ അനുകൂല പ്രതികരണമാണ് സൃഷ്ടിച്ചത്. സ്വര്‍ണവിലയിലെ കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.