മധ്യ വേനലവധി; വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു

Posted on: May 9, 2016 3:45 pm | Last updated: May 9, 2016 at 3:45 pm

Flights_Parked_at_Calicut_Airportമസ്‌കത്ത്: മധ്യ വേനലവധി പ്രമാണിച്ച് വിമാനടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുന്നു. ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റുകളിലാണ് വന്‍ വര്‍ധനവുള്ളത്. ഈ മാസം മുതല്‍ സീറ്റുകളിലെ നിരക്കില്‍ മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ വിമാന കമ്പനികളും സ്വകാര്യ കമ്പനികളുമെല്ലാം നിരക്കുയര്‍ത്താന്‍ മത്സരിക്കുകയാണ്. എയര്‍ ഇന്ത്യാ എക്‌സ്പ്രസും സമാന രീതിയില്‍ നിരക്ക് വര്‍ധനക്ക് തയ്യാറെടുക്കുകയാണ്.
വേനലവധിക്കു നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കാണ് അമിത നിരക്ക് പ്രയാസം സൃഷ്ടിക്കുന്നത്. വേനലവധി അടുക്കുംതോറുമാണ് ടിക്കറ്റ് നിരക്കും കുതിച്ചത്. അടുത്ത മാസമാണ് വേനലവധി ആരംഭിക്കുക. മൂന്നാം വാരത്തോടെ രണ്ടു മാസത്തെ അവധിക്കു ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കും. ഇതോടെ കുടുംബങ്ങളടക്കമുള്ളവരുടെ ഒഴുക്കു നാട്ടിലേക്ക് ആരംഭിക്കും. ഇതുമുതലെടുത്താണ് നിരക്കുകുത്തനെ കൂട്ടിയിരിക്കുന്നത്.
കേരളത്തിലേക്കു മാത്രമല്ല, ബംഗളൂരു, മുംബൈ, പൂന, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിലൂടെയുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ക്കും വലിയ നിരക്കാണ് ഈടാക്കുന്നത്.