55 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

Posted on: May 6, 2016 5:57 pm | Last updated: May 6, 2016 at 5:57 pm

ദോഹ: രാജ്യത്തെ 55 സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ക്കും 2016- 17 അക്കാദമിക് വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. രണ്ട് മുതല്‍ ഏഴ് വരെ ശതമാനമാണ് ഫീസ് വര്‍ധിപ്പിക്കുകയെന്ന് മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ഓഫീസി(പി എസ് ഒ)ലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 162 സ്‌കൂളുകളും കെ ജികളുമാണ് ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷിച്ചത്. എന്നാല്‍ 66 ശതമാനം അപേക്ഷകളും തള്ളിയതായി പി എസ് ഒ ഡയറക്ടര്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഗാലി പറഞ്ഞു.
രണ്ട് സ്‌കൂളുകള്‍ക്ക് മാത്രമാണ് ഏഴ് ശതമാനം നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഫീസ് വര്‍ധിപ്പിക്കാന്‍ അനുവാദം ലഭിച്ച സ്‌കൂളുകളുടെ പേരുവിവരങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അതേസമയം മൂന്ന് ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചതായി അറിയിച്ച് ദോഹ ഇംഗ്ലീഷ് സ്പീക്കിംഗ് സ്‌കൂള്‍ (ഡെസ്സ്) രക്ഷിതാക്കള്‍ക്ക് കത്ത് അയച്ചു. ഇവിടെ വാര്‍ഷിക ട്യൂഷന്‍ ഫീസ് ഈ വര്‍ഷം 36300 ഖത്വര്‍ റിയാല്‍ ആകും.
സ്‌കൂളുകളുടെ സാമ്പത്തിക, അക്കാദമിക് പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ വിശകലനത്തിന് ശേഷമാണ് ഫീസ് ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. ട്യൂഷന്‍ ഫീസ്, അഡീഷനല്‍ ഫീസ്, മൊത്ത വരുമാനവും പ്രവര്‍ത്തന ചെലവും തുലനപ്പെടുത്തിയുള്ള ലാഭ നിരക്ക്, സ്വത്ത്, മുന്‍വര്‍ഷങ്ങളില്‍ ഫീസ് വര്‍ധിപ്പിച്ച എത്ര പ്രാവശ്യം തുടങ്ങിയവയാണ് സാമ്പത്തിക പ്രകടനത്തിനുള്ള മാനദണ്ഡങ്ങള്‍. സ്‌കൂളിന്റെ വിദ്യാഭ്യാസ പ്രകടനം, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സംതൃപ്തിയുടെ തോത്, സുരക്ഷ, പ്രൊഫഷനല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ അധ്യാപക പങ്കാളിത്തം, അധ്യാപകരുടെ നിലവാര ഗുണമേന്മ തുടങ്ങിയവയാണ് അക്കാദമിക് വിശകലന മാനദണ്ഡങ്ങള്‍. നാഷനല്‍, ഇന്റര്‍നാഷനല്‍ അക്രഡിറ്റേഷന്‍ നേടിയിട്ടുണ്ടോ, അല്ലെങ്കില്‍ അതിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ടോ തുടങ്ങിയവയും പരിശോധിക്കും. 2014ല്‍ ഫീസ് വര്‍ധനക്കുള്ള 70 ശതമാനം അപേക്ഷകളും തള്ളിയിരുന്നു.
അടുത്ത അക്കാദമിക് വര്‍ഷം 15 പുതിയ പ്രൈവറ്റ് സ്‌കൂളുകളും കെ ജികളും ആരംഭിക്കും. ഇതിലൂടെ 10380 അധിക സീറ്റുകള്‍ ലഭിക്കും. സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് 68 അപേക്ഷകളാണ് ലഭിച്ചത്. അനുമതി ലഭിച്ചവയില്‍ അഞ്ച് സ്‌കൂളുകള്‍ സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. ഖത്വര്‍ ആദ്യമായി ആരംഭിക്കുന്ന രണ്ട് സ്വിസ്സ് സ്‌കൂളുകളും രണ്ട് അന്താരാഷ്ട്ര സ്‌കൂളുകളും ഉള്‍പ്പെടും. ബ്രിട്ടീഷ്, ജര്‍മന്‍, തുര്‍ക്കിഷ് കരിക്കുലങ്ങള്‍ ഉള്ളവയാണ് മറ്റ് സ്‌കൂളുകള്‍. ബ്രിട്ടീഷ് കരിക്കുലത്തില്‍ 5047 അധിക സീറ്റുകള്‍ ലഭിക്കും.
പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് വേണ്ടി അവയുടെ മാപ്പ് അടക്കം പ്രത്യേക പോര്‍ട്ടല്‍ വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ലൊക്കേഷന്‍, കരിക്കുലം, അക്കാദമിക് കലന്‍ഡര്‍, വാര്‍ഷിക പ്രകടന റിപ്പോര്‍ട്ട്, പൊതുവിവരം ഉള്‍പ്പെടെയുള്ളവയും പോര്‍ട്ടലില്‍ ലഭ്യമാകും.